സ്പിന്‍ പിച്ച് ഒരുക്കിയാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും: മുന്‍ അഫ്ഗാന്‍ കോച്ച്

- Advertisement -

സ്പിന്‍ പിച്ചൊരുക്കി അഫ്ഗാനിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്യാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ അത് ആതിഥേയര്‍ക്ക് തന്നെ തിരിച്ചടിയായേക്കാമെന്ന് അഭിപ്രായപ്പെട്ട് മുന്‍ അഫ്ഗാനിസ്ഥാന്‍ മുഖ്യ കോച്ച് ലാല്‍ചന്ദ് രാജ്പുത്. റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് പുറമേ മുഹമ്മദ് നബിയും അടങ്ങിയ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ നിര ഇന്ത്യയുടെ ഏറെ അനുഭവസമ്പത്തുള്ള സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും കുല്‍ദീപ് യാദവിനെയും മാറ്റുരയ്ക്കുവാന്‍ പോന്നതാണെന്നാണ് ലാല്‍ചന്ദ് രാജ്പുതിന്റെ അഭിപ്രായം.

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളിലായി 25 റണ്‍സ് വിട്ടു നല്‍കി 7 വിക്കറ്റാണ് റഷീദ് ഖാന്‍ സ്വന്തമാക്കിയിട്ടുള്ളത്. പരമ്പര സ്വന്തമാക്കിയ അഫ്ഗാനിസ്ഥാനു വേണ്ടി രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും റഷീദ് ഖാന്‍ തന്നെയാണ്. ഐപിഎലില്‍ 21 വിക്കറ്റുകളുമായി ആന്‍ഡ്രൂ ടൈയ്ക്ക് പിന്നില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനവും റഷീദ് ഖാന്‍ സ്വന്തമാക്കിയിരുന്നു.

മുജീബ് ഉര്‍ റഹ്മാനും ഐപിഎലില്‍ അപകടകാരിയായി മാറിയിരുന്നു. അഞ്ച് സ്പിന്നര്‍മാരെയാണ് അരങ്ങേറ്റ ടെസ്റ്റിനുള്ള സ്ക്വാഡില്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുത്തിയത്. അമീര്‍ ഹംസയും സഹീര്‍ ഖാനുമാണ് ക്രിക്കറ്റ് ലോകത്തിനു അത്ര പരിചിതമല്ലാത്ത രണ്ട് സ്പിന്നര്‍മാര്‍. അഫ്ഗാനിസ്ഥാനു സ്പിന്നിംഗ് ട്രാക്ക് നല്‍കുകയാണെങ്കില്‍ റഷീദ് ഖാനും മറ്റുള്ളവരും ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയേക്കാമെന്നാണ് രാജ്പുത് പറയുന്നത്.

ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുംറയെയും ഇന്ത്യ വിശ്രമത്തിനായി അഫ്ഗാനിസ്ഥാനെതിരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കരുത്തുറ്റ പേസ് ബൗളിംഗ് നിര തന്നെയാണ് ഉമേഷ് യാദവിന്റെയും മുഹമ്മദ് ഷമിയുടെയും നേതൃത്വത്തില്‍ ഇന്ത്യയ്ക്കുള്ളത്. ഇതിനാല്‍ തന്നെ അഫ്ഗാനിസ്ഥാനെതിരെ സീമര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകള്‍ നിര്‍മ്മിക്കുന്നതാണ് ഏറ്റവും മികച്ചതെന്ന് രാജ്പുത് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement