രാജ്കോട്ട് ടെസ്റ്റ് ആവേശകരമായ സമനിലയില്‍ അവസാനിച്ചു

- Advertisement -

രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യയും ഇംഗ്ലണ്ടും സമനിലയില്‍ പിരിഞ്ഞു. അവസാന ദിവസം 49 ഓവറുകള്‍ ശേഷിക്കേ ഇംഗ്ലണ്ട് നല്‍കിയ 310 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരം അവസാനിക്കുമ്പോള്‍ 172/6 എന്ന നിലയിലായിരുന്നു. വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 49 റണ്‍സാണ് ഇംഗ്ലണ്ടിനു വിജയം നിഷേധിച്ചത്.

നേരത്തെ തന്റെ 30ാം ടെസ്റ്റ് ശതകം നേടിയ അലിസ്റ്റര്‍കുക്ക് ഇംഗ്ലണ്ടിനു വിജയ സാധ്യതയുള്ളൊരു ലക്ഷ്യത്തിലേക്കെത്താന്‍ സഹായിച്ചു. 114/0 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു അരങ്ങേറ്റക്കാരന്‍ ഹസീബ് ഹമീദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തന്റെ വ്യക്തിഗത സ്കോര്‍ 82ല്‍ നില്‍ക്കെ അമിത് മിശ്രയ്ക്ക് റിട്ടേണ്‍ ക്യാച് നല്‍കിയാണ് ഹസീബ് മടങ്ങിയത്. 180 റണ്‍സാണ് ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഹസീബും കുക്കും ചേര്‍ന്ന് നേടിയത്. തന്റെ രണ്ടാം ഓവറില്‍ ജോ റൂട്ടിനെ പുറത്താക്കി മിശ്ര തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. നാലാമതായി ഇറങ്ങിയ ബെന്‍സ്റ്റോക്സ് വേഗത്തില്‍ സ്കോര്‍ ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തി 29 ബോളില്‍ 29 റണ്‍സായിരുന്നു സ്റ്റോക്സിന്റെ സംഭാവന. അശ്വിന്‍ 130 റണ്‍സെടുത്ത കുക്കിനെ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം നല്‍കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. ഗൗതം ഗംഭീറിനെ പൂജ്യത്തിനു പുറത്താക്കി ക്രിസ് വോക്സ് ഇന്ത്യയ്ക്കാദ്യ പ്രഹരം നല്‍കി. ചേതേശ്വര്‍ പുജാരയും മുരളി വിജയും നല്‍കിയ അവസരങ്ങള്‍ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തുണയായി. ചായയ്ക്ക് തൊട്ടു മുമ്പ് ആദില്‍ റഷീദ് പുജാരയെ(18) വിക്കറ്റിനു മുന്നില്‍ കുടുക്കി. സ്കോര്‍ 47/2. ഏറെ വൈകാതെ മുരളി വിജയുടെ(31) വിക്കറ്റും ആദില്‍ റഷീദ് സ്വന്തമാക്കി. അജിങ്ക്യ റഹാനെയെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ പരാജയത്തിനുള്ള സാധ്യത ഇംഗ്ലീഷ് ബൗളര്‍മാര്‍ മുന്നില്‍ക്കണ്ടു. എന്നാല്‍ രവിചന്ദ്രന്‍ അശ്വിനൊപ്പം അഞ്ചാം വിക്കറ്റില്‍ വിരാട് കോഹ്‍ലി ചെറിയൊരു പാര്‍ട്ണര്‍ഷിപ്പ് പുറത്തെടുത്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കി. അശ്വിനെ(32) പുറത്താക്കി സഫര്‍ അന്‍സാരിയും സാഹയുടെ വിക്കറ്റ് നേടി ആദില്‍ റഷീദും ഇംഗ്ലണ്ടിനു വീണ്ടും മത്സരത്തില്‍ സാധ്യത കൊണ്ടുവന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ മികച്ച രീതിയില്‍ കോഹ്‍ലിയോടൊപ്പം ബാറ്റ് വീശിയത് ഇന്ത്യയെ മത്സരം സമനിലയിലാക്കാന്‍ അവസരം നല്‍കി.

ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ്, സഫര്‍ അന്‍സാരി, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മോയിന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement