കൊല്‍ക്കത്ത ടെസ്റ്റിനു മഴ ഭീഷണി

- Advertisement -

പാക്കിസ്ഥാനെതിരെ ടെസ്റ്റഅ പരമ്പര ജയത്തിനു ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ശ്രീലങ്കയ്ക്ക് ഏറെ പ്രതീക്ഷകളൊന്നും തന്നെയില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയോട് ടെസ്റ്റ് പരമ്പരയും ഏകദിനങ്ങളും ടി20യും എല്ലാം അടിയറവു പറഞ്ഞ ശ്രീലങ്കന്‍ ടീമില്‍ അതിനു ശേഷവും പറയത്തക്ക മികച്ച പ്രകടനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ടെസ്റ്റില്‍ മികവ് പുലര്‍ത്തി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഏകദിനങ്ങളിലും ടി20യിലും പഴയ കഥ തന്നെയായിരുന്നു പാക്കിസ്ഥാനെതിരെയും ശ്രീലങ്ക പുറത്തെടുത്തത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുന്നത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ഇന്ത്യയുടെ കൊല്‍ക്കത്തയിലെ വിജയസാധ്യതകളെ ഏറെ അലട്ടുന്നത് ശ്രീലങ്കയല്ല മറിച്ച് കാലാവസ്ഥയാകുമെന്നാണ് കൊല്‍ക്കത്തയില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊല്‍ക്കത്തയില്‍ ഇന്നും ഇന്നലെയുമായി കനത്ത മഴയാണ് അനുഭവപ്പെടുന്നതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ആദ്യ ടെസ്റ്റിനിടെയും മഴ വില്ലനാവുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് സമീപ പ്രദേശമായ ബംഗ്ലാദേശിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഇരു മത്സരങ്ങളും ഒരു പന്ത് പോലും എറിയാനാകാതെ ഇന്നത്തെ ദിവസം ഉപേക്ഷിക്കുകയായിരുന്നു. ഇത് തന്നെ കൊല്‍ക്കത്തയിലും വരാനിരിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥയുടെ ചെറിയ സൂചനയാണെന്ന് വേണം വിലയിരുത്താന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement