ഹാമിള്‍ട്ടണില്‍ മഴ, വെസ്റ്റിന്‍ഡീസിനു 2 വിക്കറ്റ് നഷ്ടം

- Advertisement -

ഹാമിള്‍ട്ടണില്‍ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും ഓരോ വിക്കറ്റ് വീതം നേടി വെസ്റ്റിന്‍ഡീസിനു രണ്ട് വിക്കറ്റ് നഷ്ടം വരുത്തിയപ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 373 റണ്‍സ് പിന്തുടരാനിറങ്ങിയ വെസ്റ്റിന്‍ഡീസ് 87/2 എന്ന നിലയിലാണ് മഴയെത്തുമ്പോള്‍. 45 റണ്‍സുമായി നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 14 റണ്‍സുമായി ഷായി ഹോപ്പുമാണ് ക്രീസില്‍. വെസ്റ്റിന്‍ഡീസ് 286 റണ്‍സ് പിന്നിലായാണ് നിലവില്‍ നില്‍ക്കുന്നത്. അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മഴ നിന്നുവെന്നും ടീമുകള്‍ ചായയ്ക്കായി പിരിഞ്ഞുവെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

286/7 എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടര്‍ന്ന ന്യൂസിലാണ്ട് അവസാന മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ദിവസം 87 റണ്‍സ് കൂടി നേടി. തലേ ദിവസത്തെ സ്കോറിനോട് റണ്ണൊന്നും ചേര്‍ക്കാതെ നീല്‍ വാഗ്നര്‍ പുറത്തായപ്പോള്‍ ടോം ബ്ലണ്ടലും(28)-ടിം സൗത്തിയും ചേര്‍ന്ന് 26 റണ്‍സ് ഒമ്പതാം വിക്കറ്റില്‍ നേടി. അവസാന വിക്കറ്റില്‍ നേടിയ 61 റണ്‍സാണ് ന്യൂസിലാണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 31 റണ്‍സ് നേടി ടിം സൗത്തി പുറത്തായപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 373 റണ്‍സില്‍ അവസാനിച്ചു. 27 പന്തില്‍ 37 റണ്‍സ് നേടി ട്രെന്റ് ബൗള്‍ട്ടും വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയ്ക്ക് തലവേദന സൃഷ്ടിച്ചു.

വെസ്റ്റിന്‍ഡീസിനായി ഷാനന്‍ ഗബ്രിയേല്‍ നാലും കെമര്‍ റോച്ച് മൂന്നും വിക്കറ്റ് നേടി. മിഗ്വല്‍ കമ്മിന്‍സ്(2), റയ്മന്‍ റീഫര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement