മഴ നിയമത്തില്‍ സിംബാബ്‍വേ

- Advertisement -

ഹരാരേയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനു തുടര്‍ച്ചയായ രണ്ടാം പരാജയം. സിംബാബ്‍വേ നല്‍കിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 124/5 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായെത്തിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം മത്സരം 5 റണ്‍സിനു സിംബാബ്‍വേ സ്വന്തമാക്കുകയായിരുന്നു.

ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബാറ്റിംഗ് നിര കാഴ്ചവെച്ചത്. 63/5 എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‍വേയെ സികന്ദര്‍ റാസയും ടെന്‍ഡായി ചിസോരയും ചേര്‍ന്ന് 9ാം വിക്കറ്റില്‍ നേടിയ 101 റണ്‍സാണ് രക്ഷിച്ചത്. മഴ മൂലം 49 ഓവറായി മത്സരം ചുരുക്കിയിരുന്നു. നിശ്ചിത 49 ഓവറുകളില്‍ 218/8 എന്ന നിലയിലായിരുന്നു ആതിഥേയര്‍. 76 റണ്‍സെടുത്ത് സികന്ദര്‍ റാസയും 42 റണ്‍സെടുത്ത ടെന്‍ഡായി ചിസോരയും പുറത്താകാതെ നില്‍ക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷുവും ആഷ്‍ലി നഴ്സും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയന്‍ സംഘത്തിനും തുടക്കം മോശമായിരുന്നു സ്കോര്‍ 12ല്‍ എത്തിയപ്പോളേക്കും അവരുടെ ഓപ്പണര്‍മാര്‍ രണ്ടും പവലിയനില്‍ എത്തിയിരുന്നു. ആദ്യ ഓവറില്‍ തന്നെ ജോണ്‍സണ്‍ ചാള്‍സിനെ നഷ്ടമായ അവര്‍ക്ക് മൂന്നാം ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയുടമ എവിന്‍ ലൂയിസിനെ(9) നഷ്ടമായി. ഷായി ഹോപും ക്രെയ്ഗ് ബ്രൈത്‍വൈറ്റും ചേര്‍ന്ന് ചെറുത്ത് നില്പിന്റെ സൂചനകള്‍ നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി സിംബാബ്‍വേ മത്സരം ശക്തമാക്കി. 93/5 എന്ന സ്കോറിലേക്ക് വീണ വിന്‍ഡീസിനെ ആറാം വിക്കറ്റില്‍ ജോനാഥന്‍ ചാള്‍സും(43*) ജേസണ്‍ ഹോള്‍ഡറും(22*) ചേര്‍ന്ന് തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമ്പോളാണ് മഴ വീണ്ടും പ്രത്യക്ഷപ്പെട്ടത്. 27.3 ഓവറില്‍ 124/5 എന്ന നിലയിലായിരുന്നു വെസ്റ്റിന്‍ഡീസ്.

Advertisement