ഹാട്രിക്ക്, സെഞ്ച്വറി എല്ലാം കണ്ട ആദ്യ ബാറ്റിംഗിനു ശേഷം വില്ലനായി മഴ

ദാംബുള്ള : ശ്രീലങ്ക-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 311 റൺസ് നേടി വിജയ പ്രതീക്ഷ ഉണർത്തിയ അവസരത്തിൽ ആണ് രസംകൊല്ലി ആയി മഴ എത്തിയത്. ആദ്യ മത്സരം തോറ്റ ലങ്ക പരമ്പരയിൽ 1-0 തിനു പിന്നിലാണ്. ഏപ്രിൽ 1 നു കൊളംബോയില്‍ നടക്കുന്ന മൂന്നാം ഏകദിനം നിർണായകമാകും.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക കുശല്‍ മെൻഡിസിന്റെ ശതകത്തിന്റ പിൻബലത്തിൽ ആണ് മികച്ച സ്കോർ നേടിയത്. 9 ബൗണ്ടറികളും 1 സിക്സും അടക്കം 107 പന്തുകളിൽ ആണ് കുശൽ മെൻഡിസ്(102) സെഞ്ച്വറി പൂർത്തിയാക്കിയത്. രണ്ടാം വിക്കറ്റിൽ ഉപുൽ തരംഗ(65)ക്കൊപ്പവും മൂന്നാം വിക്കറ്റിൽ ദിനേശ് ചന്ദിമലി(24)നൊപ്പവും മെൻഡിസ് മികച്ച കൂട്ടുകെട്ടുകൾ നേടിയത് ലങ്കക്കു തുണയാകുകയായിരുന്നു. അസേല ഗുണരത്ന(39), സിരിവര്‍ദ്ധന (30) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. അവസാന ഓവറിലെ ഹാട്രിക് അടക്കം 4 വിക്കറ്റ് നേടിയ ടാസ്കിന്‍ അഹമ്മദ് ആണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. മോർത്തസ, മെഹ്ദി ഹസ്സൻ, മുസ്തഫിസുര്‍ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് നേടി

Previous articleഅർജന്റീനക്കു തിരിച്ചടി,  റഫറിയെ തെറി വിളിച്ച മെസ്സി പുറത്ത്
Next articleജവഹർ മാവൂരിനെ തിർച്ചടിച്ച് തോൽപ്പിച്ച് അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് പതിനൊന്നാം ഫൈനൽ