ആദ്യ ദിനം കളി വെട്ടിചുരുക്കി മഴയും വെളിച്ചക്കുറവും, ലങ്കയ്ക്ക് മികച്ച തുടക്കം

ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയ്ക്ക് മികച്ച തുടക്കവുമായി ശ്രീലങ്ക. ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റില്‍ ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ മഴയും വെളിച്ചക്കുറവും മൂലം 11.5 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. സുരംഗ ലക്മലിന്റെ ആറ് ഓവര്‍ മെയിഡന്‍ സ്പെല്ലിന്റെ മികവില്‍ ലങ്ക ആദ്യ ദിവസം ഇന്ത്യയെ 17/3 എന്ന നിലയിലേക്ക് എറിഞ്ഞിടുകയായിരുന്നു. മൂന്ന് വിക്കറ്റുകളും സുരംഗ ലക്മല്‍ തന്നെയാണ് വീഴ്ത്തിയത്.

ആദ്യ സെഷന്‍ പൂര്‍ണ്ണമായും നഷ്ടമായ ശേഷം ഉച്ചയോടെയാണ് ടോസ് നടന്നത്. ടോസ് വിജയിച്ച ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ലോകേഷ് രാഹുലിനെ ലക്മല്‍ മടക്കിയയച്ചു. പിന്നീട് ധവാനെയും(8), കോഹ്‍ലിയെയും(0) ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെയാണ് ലക്മല്‍ വീഴ്ത്തിയത്. ഒന്നാം ദിവസം കളി വെളിച്ചക്കുറവ് മൂലം ഉപേക്ഷിക്കുമ്പോള്‍ ചേതേശ്വര്‍ പുജാര(8*), അജിങ്ക്യ രഹാനെ(0*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial