അടിച്ച് തകര്‍ത്ത് കെഎല്‍ രാഹുല്‍, സുരേഷ് റെയ്‍നയ്ക്കും അര്‍ദ്ധ ശതകം

- Advertisement -

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ സുരേഷ് റെയ്‍നയുടെയും കെഎല്‍ രാഹുലിന്റെയും അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. കെഎല്‍ രാഹുല്‍ തന്റെ ഐപിഎല്‍ ഫോം തുടര്‍ന്ന് 36 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്‍ന 45 പന്തില്‍ നി്നന് 69 റണ്‍സാണ് നേടിയത്. ഇരുവരുടെയും ബാറ്റിംഗ് മികവിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്ന പ്രതീതി വരുത്തിയ ഇന്ത്യന്‍ ബാറ്റിംഗിനെ 213 റണ്‍സിലേക്ക് എത്തിച്ചത്

വിരാട് കോഹ്‍ലിയെ വേഗത്തില്‍ നഷ്ടമായ ശേഷം 106 റണ്‍സുമായി രാഹുല്‍-റെയ്‍ന കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. 3 ബൗണ്ടറിയും 6 സിക്സും നേടിയ രാഹുലിനെ കെവിന്‍ ഒബ്രൈനാണ് പുറത്താക്കിയത്. അതേ ഓവറില്‍ രോഹിത് ശര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യന്‍ റണ്ണൊഴുക്കിനു തടസ്സമുണ്ടായി.

സുരേഷ് റെയ്‍ന സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചുവെങ്കിലും മനീഷ് പാണ്ഡേ തന്റെ മോശം ഫോമില്‍ നിന്ന് കരകയറാനാകാതെ ബാറ്റ് വീശി. 20 പന്തില്‍ നിന്ന് 21 റണ്‍സാണ് മനീഷ് പാണ്ഡേ നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 32 റണ്‍സ് നേടി ഇന്ത്യന്‍ സ്കോര്‍ 200 കടത്തുകയായിരുന്നു.

പാണ്ഡ്യ തന്റെ ഇന്നിംഗ്സില്‍ 4 സിക്സാണ് നേടിയത്. അയര്‍ലണ്ട് നിരയില്‍ കെവിന്‍ ഒബ്രൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പീറ്റര്‍ ചേസിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement