റബാഡയ്ക്ക് മുന്നില്‍ തകര്‍ന്ന് ഓസ്ട്രേലിയന്‍ മധ്യനിര

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ രണ്ടാം സെഷനില്‍ ഉഗ്രരൂപംപൂണ്ട് കാഗിസോ റബാഡ. റബാഡയുടെ തീപ്പാറുന്ന സ്പെല്ലില്‍ പിടിച്ചു നില്‍ക്കുവാന്‍ ഓസ്ട്രേലിയന്‍ മധ്യനിര പാട് പെടുകയായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ 170/6 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷഅ എന്നിവരെയാണ് കാഗിസോ റബാഡ മടക്കിയയച്ചത്.

98/1 എന്ന നിലയില്‍ രണ്ടാം സെഷനിലെ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായി. രണ്ടാമത്തെ സെഷനില്‍ 72 റണ്‍സാണ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം നേടിയത്. ലഞ്ചിനു ശേഷം ഏതാനും ഓവറുകള്‍ക്കപ്പുറം ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി വെറോണ്‍ ഫിലാന്‍ഡര്‍ തന്റെ രണ്ടാം വിക്കറ്റ് നേടി.

ഡേവിഡ് വാര്‍ണറെ(63) ബൗള്‍ഡാക്കി ലുംഗിസാനി ഗിഡി ഓസ്ട്രേലിയയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നീട് നാലാം വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്തും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സ്മിത്തിനെ വിക്കറ്റിനു മുമ്പില്‍ കുടുക്കി റബാഡയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഏറെ വൈകാതെ മാര്‍ഷ് സഹോദരന്മാരെ ഒരേ ഓവറില്‍ പുറത്താക്കിയപ്പോള്‍ അമ്പയര്‍മാര്‍ ചായയ്ക്ക് പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാജി സന്നദ്ധത അറിയിച്ച് ബ്രണ്ടന്‍ മക്കല്ലം
Next articleലോകകപ്പ് യോഗ്യത, അഫ്ഗാനിസ്ഥാന്റെ സാധ്യതകളിങ്ങനെ