ലാഹോര്‍ ഖലന്തേര്‍സിനു വിജയത്തുടര്‍ച്ച, മൂന്നാം ജയം

തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം മൂന്ന് ജയങ്ങള്‍ സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഇന്നലെ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ലാഹോര്‍ പരാജയപ്പെടുത്തിയത്. ഫകര്‍ സമന്‍ (94) ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 186/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ക്വേറ്റയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഫകര്‍ സമനും ഒപ്പം ഗുല്‍റൈസ് സദഫുമാണ് ലാഹോര്‍ നിരയില്‍ തിളങ്ങിയത്. 50 പന്തില്‍ 94 റണ്‍സ് നേടിയ ഫകര്‍ 9 ബൗണ്ടറിയും 6 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി. ആറാം വിക്കറ്റില്‍ ഗുല്‍റൈസ്(27 പന്തില്‍ 42)-സുനില്‍ നരൈന്‍ (20*) കൂട്ടുകെട്ട് ടീം മികച്ച സ്കോറില്‍ അവസാനിക്കുമെന്ന് ഉറപ്പിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ക്വേറ്റയ്ക്കായി ജേസണ്‍ റോയ് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും ഏറെ നേരം അത് തുടരാനാകാതെ പോയത് ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിച്ചു. 26 പന്തില്‍ നിന്ന് 36 റണ്‍സാണ് ഈ സീസണില്‍ ആദ്യമായി കളിക്കാനെത്തിയ റോയ് നേടിയത്. സുനില്‍ നരൈന്‍ ആണ് റോയയുടെ അന്തകനായത്. മധ്യനിരയില്‍ റിലീ റൂസോ 42 റണ്‍സ് നേടി ചെറിയൊരു വെടിക്കെട്ട് നടത്തിയെങ്കിലും അതിനും അധികം ആയുസ്സുണ്ടായില്ല.

സര്‍ഫ്രാസ് അഹമ്മദ്(28*)-മുഹമ്മദ് നവാസ്(19) കൂട്ടുകെട്ടിനും വേഗത കൈവരിക്കാനാകാതെ പോയപ്പോള്‍ ക്വേറ്റയുടെ ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചു. യസീര്‍ ഷായും സുനില്‍ നരൈനും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി, മിച്ചല്‍ മക്ലെനാഗന്‍ എന്നിവരും വിക്കറ്റഅ പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial