പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറിനെ ലഭിച്ചത് പോലെ, ഷഹ്നവാസ് ദഹാനിയെക്കുറിച്ച് അസ്ഹര്‍ മഹമ്മൂദ്

PSL
Shahnawazdahani

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഷഹ്നവാസ് ദഹാനി. താരത്തിന്റെ വരവ് പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചതിന് സമാനമായ കാര്യമാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറ‍ഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ന്റെ കണ്ടെത്തൽ എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട താരമാണ് ഇപ്പോല്‍ ദഹാനി. മുൽത്താന്‍ സുൽത്താന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിൽ താരത്തിന്റെ പങ്കും വലുതാണ്.

11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റാണ് താരം നേടിയത്. പാക്കിസ്ഥാന്റെ പേസ് സംഘത്തെ ഭാവിയിൽ നയിക്കുക താരമായിരിക്കുമെന്നാണ് ഏവരും പറയുന്നത്. ഇപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സ് ബൗളിംഗ് കോച്ചായ അസ്ഹര്‍ മഹമ്മൂദും ഇതേ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

ബാറ്റ്സ്മാന്മാര്‍ തന്നെ അടിച്ച് പറത്തിയാലും സംയമനം കൈവിടാതെ പന്തെറിയുവാന്‍ മികച്ച ശേഷിയാണ് താരത്തിനുള്ളതെന്നും പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചത് പോലെയാണ് ഇതെന്നും അസ്ഹര്‍ മഹമ്മൂദ് സൂചിപ്പിച്ചു.

ഷഹ്നവാസിന് ഇതൊരു തുടക്കം മാത്രമാണെന്നും താരത്തിന്റെ ഔട്ട് സ്വിംഗറുകള്‍ക്കും ഇന്‍ സ്വിംഗറുകള്‍ക്കും കൂടുതൽ മൂര്‍ച്ച കൂട്ടേണ്ടതായിട്ടുണ്ടെന്നും താന്‍ പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ചിന് ഇത് സംബന്ധിച്ച് കുറിപ്പ് നല്‍കുമന്നുംം അസ്ഹര്‍ മഹമ്മൂദ് വ്യക്തമാക്കി.