റോഞ്ചി മാജിക്കില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ഫൈനലില്‍

ലൂക്ക് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗിനു മുന്നില്‍ വീണ് കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്സ് 20 ഓവറില്‍ 154/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 12.3 ഓവറില്‍ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് മറികടന്നു. 39 പന്തില്‍ 94 റണ്‍സ് നേടിയ ലൂക്ക് റോഞ്ചിയാണ് കളിയിലെ താരം. ഏകപക്ഷീയമായ പ്രകടനമാണ് ഇന്നലത്തെ മത്സരത്തില്‍ റോഞ്ചി പുറത്തെടുത്തത്. 12 ബൗണ്ടറിയും 5 സിക്സും അടങ്ങിയതാണ് റോഞ്ചിയുടെ ഇന്നിംഗ്സ്. ഷാഹിബ്സാദ ഫര്‍ഹാന്‍ 18 പന്തില്‍ 29 റണ്‍സ് നേടി ഓപ്പണിംഗ് കൂട്ടുകെട്ടില്‍ റോഞ്ചിയ്ക്ക് മികച്ച പിന്തുണ നല്‍കി. അലക്സ് ഹെയില്‍സ്(14) ആണ് പുറത്തായ മറ്റൊരു താരം. 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടി സമീത് പട്ടേല്‍ റോഞ്ചിയോടൊപ്പം വിജയ സമയത്ത് ക്രീസില്‍ നിലകൊണ്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കറാച്ചിയ്ക്ക് തുടക്കം മോശമായിരുന്നു. നാലാം ഓവറില്‍ മുഹമ്മദ് സാമി നേടിയ ഇരട്ട വിക്കറ്റിനു ശേഷം ജോ ഡെന്‍ലി-ഓയിന്‍ മോര്‍ഗന്‍(21) കൂട്ടുകെട്ടും പിന്നീട് നാലാം വിക്കറ്റില്‍ 82 റണ്‍സുമായി ഡെന്‍ലി(51)-കോളിന്‍ ഇന്‍ഗ്രാം(68*) എന്നിവരാണ് ടീം സ്കോര്‍ 154ല്‍ എത്തിക്കുവാന്‍ സഹായിച്ചത്. അര്‍ദ്ധ ശതകം നേടിയെങ്കിലും ഡെന്‍ലിയ്ക്ക് പതിവു വേഗതയില്‍ റണ്‍സ് കണ്ടെത്താനായില്ല. 39 പന്തില്‍ നിന്ന് 6 സിക്സുകളടക്കം 68 റണ്‍സ് നേടി പുറത്താകാതെ നിന്ന കോളിന്‍ ഇന്‍ഗ്രാം ആണ് കറാച്ചിയുടെ ബാറ്റിംഗ് ഗതിയെ മാറ്റിമറിച്ചത്.

മുഹമ്മദ് സാമി രണ്ടും അമാദ് ബട്ട്, ഫഹീം അഷ്റഫ് എന്നിവരാണ് ഇസ്ലമാബാദിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial