വെടിക്കെട്ടുമായി ലൂക്ക് റോഞ്ചി, കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി സമ്മാനിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി. ഖുറം മന്‍സൂര്‍-ബാബര്‍ അസം കൂട്ടുകെട്ട് ടീമിനെ രണ്ടാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി മികച്ച നിലയിലേക്ക് നയിക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ഇസ്ലാമാബാദ് യുണൈറ്റഡ് ബൗളര്‍മാര്‍ തിരികെ മത്സരത്തിലേക്ക വരുകയായിരുന്നു. 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 153 റണ്‍സാണ് കറാച്ചി കിംഗ്സിനു നേടാനായത്. അര്‍ദ്ധ ശതകങ്ങള്‍ നേടി ഖുറം മന്‍സൂര്‍(51), ബാബര്‍ അസം(55) എന്നിവര്‍ക്ക് പുറമേ 9 പന്തില്‍ 21 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും കറാച്ചിയ്ക്കായി ബാറ്റിംഗില്‍ തിളങ്ങി.

ഇസ്ലാമാബാദ് യുണൈറ്റഡ് ബൗളര്‍മാരില്‍ ഫഹീം അഷ്റഫ് മൂന്ന് വിക്കറ്റും മുഹമ്മദ് സമി, ഹുസൈന്‍ തലത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഓപ്പണര്‍മാര്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. ലൂക്ക് റോഞ്ചി 37 പന്തില്‍ 71 റണ്‍സ് നേടി പുറത്തായപ്പോള്‍ ജീന്‍ പോള്‍ ഡുമിനി 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. 26 റണ്‍സുമായി ആസിഫ് അലിയും തിളങ്ങിയപ്പോള്‍ ഇസ്ലാമാബാദിന്റെ 8 വിക്കറ്റ് ജയം 17.2 ഓവറില്‍ സാധ്യമായി.

മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അമീര്‍ എന്നിവരാണ് ഇസ്ലാമാബാദ് നിരയിലെ വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial