പൊള്ളാര്‍ഡ് വെടിക്കെട്ടിനു മുല്‍ത്താനെ രക്ഷിക്കാനായില്ല, പ്ലേ ഓഫ് ഉറപ്പിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്

മുല്‍ത്താന്‍ സുല്‍ത്താന്‍സിനെതിരെ 33 റണ്‍സ് വിജയം സ്വന്തമാക്കി പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്. 8 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുകള്‍ നേടി ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇസ്ലാമാബാദ്. ആദ്യം ബാറ്റ് ചെയ്ത ടീമിനെ ലൂക്ക് റോഞ്ചി(58), അലക്സ് ഹെയില്‍സ്(46), ഹുസൈന്‍ തലത്(36) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 185/4 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്. സുല്‍ത്താന്‍സിനു വേണ്ടി ഉമര്‍ ഗുല്‍ രണ്ടും ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റും നേടി.

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും കീറണ്‍ പൊള്ളാര്‍ഡ് നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 20/4 എന്ന നിലയിലേക്ക് വീണ സുല്‍ത്താന്‍സ് നിരയില്‍ 47 പന്തില്‍ നിന്ന് 73 റണ്‍സ് നേടി പൊള്ളാര്‍ഡ് പൊരുതി നോക്കി. 17.4 ഓവറില്‍ താരം പുറത്തായതോടെ ഇസ്ലാമാബാദ് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. 5 ബൗണ്ടറിയും 6 സിക്സുമാണ് പൊള്ളാര്‍ഡിന്റെ സംഭാവന. 19.1 ഓവറില്‍ ടീം 152 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

യുണൈറ്റഡിനു വേണ്ടി സമിത് പട്ടേല്‍, ഫഹീം അഷ്റഫ്, അമാദ് ബട്ട്, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. പൊള്ളാര്‍ഡിന്റെ നിര്‍ണ്ണായകമായ വിക്കറ്റ് നേടിയത് മുഹമ്മദ് സാമിയാണ്. ലൂക്ക് റോഞ്ചിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial