അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

ടോപ് ഓര്‍ഡറില്‍ ലൂക്ക് റോഞ്ചി അര്‍ദ്ധ ശതകവുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നൂറ് റണ്‍സ് കടക്കുമോ എന്ന് തോന്നിപ്പിച്ച ഇസ്ലാമാബാദ് യുണൈറ്റഡിനെ എട്ടാം വിക്കറ്റില്‍ സമിത് പട്ടേല്‍(20*) ഫഹീം അഷ്റഫ്(20*) കൂട്ടുകെട്ട് ടീമിനെ 125/7 എന്ന സ്കോറിലേക്ക് നയിച്ചുവെങ്കിലും അനായാസമായ അഞ്ച് വിക്കറ്റ് വിജയം നേടി മുല്‍ത്താന്‍ സുല്‍ത്താന്‍സ്.

18.4 ഓവറില്‍ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ മുല്‍ത്താന്‍ വിജയം കുറിച്ചപ്പോള്‍ 31 റണ്‍സ് നേടിയ ഷൊയ്ബ് മാലിക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഷാഹിദ് അഫ്രീദി 8 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 7 പന്തില്‍ 16 റണ്‍സുമായി ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക പ്രകടനം നടത്തി. ഓപ്പണര്‍ ഷാന്‍ മക്സൂദ് 26 റണ്‍സ് നേടി പുറത്തായി.

തന്റെ നാലോവറില്‍ 11 റണ്‍സിനു 2 വിക്കറ്റ് നേടിയ മുല്‍ത്താന്റെ അലി ഷഫീക്കാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷാഹിദ് അഫ്രീദി, ജുനൈദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.