പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടത്താനാകുമെന്ന് വസീം ഖാന്‍

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍. ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ ഘട്ടം വരെ എത്തി നില്‍ക്കുമ്പോളാണ് കൊറോണ ഭീതി ഏറെ വര്‍ദ്ധിച്ചതും വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതും. ചില വിദേശ താരങ്ങളില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റ് നിര്‍ത്തേണ്ടി വന്നത്.

ടൂര്‍ണ്ണമെന്റ് പ്ലേ ഓഫ് മാതൃകയില്‍ നിന്ന് സെമി ഫോര്‍മാറ്റിലേക്ക് മാറ്റി വേഗത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ പിന്നീട് അതും ഉപേക്ഷിക്കുകയായിരുന്നു. നവംബറില്‍ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ അടുത്ത വര്‍ഷം ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ബാക്കി മത്സരങ്ങള്‍ നടത്തുക എന്നതാണ് സംഘാടകര്‍ക്ക് മുന്നിലുള്ള കാര്യങ്ങളെന്ന് വസീം ഖാന്‍ പറഞ്ഞു.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് കിരീടം നല്‍കണമെന്നും ഒരു ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഫ്രാഞ്ചൈസി ഉടമകളോട് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടക്കുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.