സൂപ്പര്‍ ഓവറില്‍ രണ്ടാം ജയം സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്

- Advertisement -

കറാച്ചി കിംഗ്സിനെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി ലാഹോര്‍ ഖലന്തേര്‍സ്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ ചേസിംഗിനിറങ്ങിയ ലാഹോറിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്കോറിനു ഒപ്പമാകാനെ ആയുള്ളു. മത്സരം ടൈ ആയതിനാല്‍ സൂപ്പര്‍ ഓവറിലാണ് വിജയികളെ നിശ്ചയിച്ചത്. സൂപ്പറോവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലാഹോര്‍ 11 റണ്‍സ് നേടിയപ്പോള്‍ സുനില്‍ നരൈന്‍ എറിഞ്ഞ ഓവറില്‍ വെറും 2 റണ്‍സാണ് കറാച്ചിയ്ക്കായി ബാറ്റഇംഗിനിറങ്ങിയ സിമ്മണ്‍സിനും ഇന്‍ഗ്രാമിനും അഫ്രീദിയ്ക്കും നേടാനായത്.

നേരത്തെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത കറാച്ചി ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും ബാബര്‍ അസമിന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ 163 റണ്‍സ് നേടുകയായിരുന്നു. സിമ്മണ്‍സ് 55 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ അസം 61 റണ്‍സ് നേടി പുറത്തായി. ലാഹോറിനു വേണ്ടി സൊഹൈല്‍ ഖാന്‍ മൂന്നും യസീര്‍ ഷാ, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലാഹോര്‍ നിരയില്‍ അഗ സല്‍മാന്‍ 50 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ഫകര്‍ സമന്‍(28), ആന്റണ്‍ ഡെവ്സിച്ച്(24) എന്നിവരുടെ ടോപ് ഓര്‍ഡര്‍ പ്രകടനത്തിനു ശേഷം അവസാന ഓവറുകളില്‍ കറാച്ചി ബൗളിംഗിനു മുന്നില്‍ ലാഹോര്‍ തകരുകയായിരുന്നു.

അവസാന ഓവറില്‍ 15 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലാഹോര്‍ മത്സരം അവസാന പന്തില്‍ ഒരു റണ്‍സ് എന്ന നിലയില്‍ എത്തിച്ചിരുന്നു. മൂന്ന് റണ്‍സ് വേണ്ടപ്പോള്‍ അവസാന പന്തില്‍ സൊഹൈല്‍ അക്തര്‍ ക്യാച്ച് നല്‍കിയെങ്കിലും നോബോള്‍ ആയതിനാല്‍ വീണ്ടും ഒരവസരം ലാഹോറിനു കൈവന്നു. ആ പന്തില്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ഒരു റണ്‍സ് നേടിയ ലാഹോര്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു.

കറാച്ചിക്ക് വേണ്ടി ഉസ്മാന്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഇമാദ് വസീം, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement