വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഹസന്‍ അലി പിന്മാറി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ഇസ്ലാമാബാദ് യുണൈറ്റഡ് താരം ഹസന്‍ അലി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പിന്മാറ്റം. ഈ സീസണിൽ പത്ത് വിക്കറ്റ് നേടിയ താരം ബൗളര്‍മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പിഎസ്എൽ യുഎഇയിൽ പുനരാരംഭിച്ച ശേഷം താരം രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നു.

ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ പലതുമുണ്ടെന്നും അതിലൊന്നാണ് കുടുംബമെന്ന് പറഞ്ഞ താരം ഇസ്ലാമാബാദ് യുണൈറ്റഡ് ഫാന്‍സിനോട് തന്റെ നന്ദി അറിയിച്ചു. തന്റെ തീരുമാനം മനസ്സിലാക്കിയതിനും അംഗീകരിച്ചതിനും താന്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ടീം മാനേജ്മെന്റിനോട് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.

ഹസന്‍ അലിയുടെ പിന്മാറ്റം ടീമിന് കനത്ത നഷ്ടമാണെന്ന് ക്യാപ്റ്റന്‍ ഷദബ് ഖാന്‍ പറ‍ഞ്ഞു. എന്നാൽ താരത്തിന്റെ തീരുമാനം മനസ്സിലാക്കുന്നുവെന്നും താരത്തിനൊപ്പം തങ്ങളുടെ പിന്തുണയുണ്ടെന്നും ഷദബ് പറഞ്ഞു.

Exit mobile version