ഡുമിനി നയിച്ചു, ഇസ്ലാമാബാദ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

ജെപി ഡുമിനിയും(73*), ആസിഫ് അലിയും(24 പന്തില്‍ 45) ചേര്‍ന്ന് നല്‍കിയ മികച്ച ടോട്ടല്‍. ബൗളിംഗില്‍ സമിത് പട്ടേലും(4 വിക്കറ്റ്)-സഫര്‍ ഗോഹറും(3) തിളങ്ങിയപ്പോള്‍ പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ആധികാരിക ജയം നേടി ഇസ്ലാമാബാദ് യുണൈറ്റഡ്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു യുണൈറ്റഡ്.

ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബാദ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. ഡുമിനിയും ആസിഫ് അലിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 71 റണ്‍സാണ് മത്സരഗതിയെ മാറ്റിമറിച്ചത്. ഡുമിനിയെക്കാള്‍ കൂടുതല്‍ അപകടകാരിയായി കണ്ടത് ആസിഫിനെയായിരുന്നു. ഇരുവരും ഇന്നിംഗ്സില്‍ നാല് സിക്സ് വീതമാണ് നേടിയത്. പേഷ്വാറിനായി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയപ്പോളും സല്‍മി ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ വഹാബ് റിയാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍ ആയത്. 33 റണ്‍സ് നേടി താരം പുറത്താകാതെ നിന്നപ്പോള്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ ടീമിനു നിശ്ചിത 20 ഓവറില്‍ നേടാനായുള്ളു. എട്ടാം വിക്കറ്റില്‍ ഉമാദ് വസീമുമായി(25) ചേര്‍ന്ന് റിയാസ് നേടിയ 55 റണ്‍സാണ് മാന്യമായ സ്കോറിലേക്ക് സല്‍മിയെ എത്തിച്ചത്.

ഒരു ഘട്ടത്തില്‍ 92/8 എന്ന നിലയിലായിരുന്നു സല്‍മി. സമിത് പട്ടേല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സഫര്‍ ഗോഹര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial