
6 വിക്കറ്റുമായി ഉമര്‍ ഗുല്‍ നയിച്ചുവെങ്കിലും മുല്ത്താന് സുല്‍ത്താന്‍സിനെതിരെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 2 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത മുല്ത്താന് സുല്‍ത്താന്‍സിനു തുടക്കം പിഴച്ചുവെങ്കിലും പിന്നീട് മധ്യനിരയില്‍ 43 പന്തില്‍ 65 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷൊയ്ബ് മാലിക്കിന്റെ ബാറ്റിംഗ് മികവില്‍ ടീം 152/5 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 27 റണ്‍സ് നേടിയ ഷൊയ്ബ് മക്സൂദ് ആണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോര്‍ നേടിയത്. ക്വേറ്റയ്ക്കായി മുഹമ്മദ് നവാസ്, അന്‍വര്‍ അലി, രാഹത് അലി, ബെന്‍ ലൗഗ്ലിന്‍, ഷെയിന്‍ വാട്സണ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മുല്ത്താന് സുല്‍ത്താന്‍സ് ബൗളര്‍മാരില്‍ ഉമര്‍ ഗുല്‍ 6 വിക്കറ്റുമായി കളിയിലെ താരമായ പ്രകടനം പുറത്തെടുത്തുവെങ്കിലും ഒരു പന്ത് ശേഷിക്കെ ജയം ക്വേറ്റ സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ 9 റണ്‍സ് വേണ്ടിയിരുന്ന ക്വേറ്റ ലക്ഷ്യം 2 പന്തില്‍ നാല് എന്ന നിലയിലേക്ക് എത്തിച്ചു. അഞ്ചാം പന്തെറിഞ്ഞ പൊള്ളാര്‍ഡിനെ സിക്സര്‍ പറത്തി ഹസന് ഖാന് ടീമിനെ വിജയത്തിലേക്ക് നയിക്കകുയായിരുന്നു.
ക്വേറ്റ നിരയില്‍ ഒരു ബാറ്റ്സ്മാന് പോലും 30 റണ്‍സിലധികം നേടിയിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. 27 റണ്‍സ് നേടി റിലി റൂസോ ആണ് ടീമിലെ ടോപ് സ്കോറര്‍. വാട്സണ് (26), റമീസ് രാജ (22) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി വാലറ്റവും പിന്തുണ നല്‍കിയത് ടീമിന്റെ വിജയത്തിനു ഉപകാരമായി. ഹസന് ഖാന് മൂന്ന് പന്തില്‍ 9 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial