ലാഹോറില്‍ കളിക്കുമെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്

11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ കളിക്കാനൊരുങ്ങി എബി ഡി വില്ലിയേഴ്സ്. ലാഹോര്‍ ഖലന്തേഴ്സിനു വേണ്ടി ഇസ്ലാമാബാദ് യുണൈറ്റഡ്, മുല്‍ത്താന്‍ സുല്‍ത്താന്സ് എന്നിവര്‍ക്കെതിരെ ലാഹോറില്‍ നടക്കുന്ന ഹോം മത്സരത്തില്‍ താരം കളിക്കുമെന്ന് ഇന്ന് അറിയിക്കുകയായിരുന്നു. 2007ല്‍ ദക്ഷിണാഫ്രിക്കയുടെ പാക്കിസ്ഥാന്‍ ടൂറിലാണ് എബി അവസാനമായി പാക്കിസ്ഥാനില്‍ കാല് കുത്തുന്നത്.

മാര്‍ച്ച് 9, 10 തീയ്യതികളിലാണ് മത്സരങ്ഹള്‍ നടക്കുന്നത്. നേരത്തെ ഫാഫ് ഡു പ്ലെസി നയിച്ച ലോക ഇലവനില്‍ കളിക്കുന്നതിനായി അഞ്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹാഷിം അംല, ഡേവിഡ് മില്ലര്‍, മോണെ മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് അന്ന് ഡു പ്ലെസിയ്ക്ക് പുറമെ കളിക്കാനെത്തിയത്. അടുത്തിടെ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ആറാമത്തെ ക്രിക്കറ്ററാവും ഡി വില്ലിയേഴ്സ് ഇതോടെ.

പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മടങ്ങിയെത്തുന്നതിന്റെ ഭാഗമാകുവാന്‍ തനിക്കും സാധിക്കണമെന്ന ചിന്തയാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് എബിഡി പറഞ്ഞു. 2007ല്‍ തനിക്ക് ലഭിച്ച പിന്തുണയും സ്വീകരണവും തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്നും താരം പറഞ്ഞു.