പിഎസ്എലിനില്ല, ഐപിഎല്ലിനുണ്ടാവുമെന്ന് പ്രതീക്ഷയില്‍ ക്രിസ് ലിന്‍

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ത്രിരാഷ്ട്ര ടി20 ഫൈനല്‍ മത്സരത്തിനിടെ തോളിനു പരിക്കേറ്റ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ ബ്രിസ്ബെയിനിലേക്ക് മടങ്ങുകയാണെന്ന് നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ടീമിന്റെ ഫിസിയോയുടെ വാക്കുകള്‍ പ്രകാരം വലിയ പൊട്ടലോ ഒന്നുമില്ലെങ്കിലും സ്ഥിരം പ്രശ്നമുള്ള കൈയ്ക്ക് തന്നെയാണ് ഇപ്പോള്‍ അപകടം പറ്റിയിട്ടുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി താരം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് ബോര്‍ഡ് അറിയിച്ചത്. ന്യൂസിലാണ്ടില്‍ നിന്ന് ദുബായിയിലേക്ക് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുകയായയിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇന്നലത്തേ പരിക്കോട് കൂടി പിഎസ്എല്‍ മോഹങ്ങള്‍ തല്‍ക്കാലം ക്രിസ് ലിന്നിനു അവസാനിപ്പിക്കേണ്ടി വരും.

ഏപ്രില്‍ ഏഴിനു ആരംഭിക്കുന്ന ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയാവും താരം കളിക്കുക. റീഹാബിലേഷന്‍ പ്രക്രിയയിലൂടെ താന്‍ ഐപിഎല്‍ സമയമാവുമ്പോളേക്കും പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് ലിന്‍ പ്രത്യാശ പ്രകടിപ്പിച്ചത്. നേരത്തെ ലിന്നിനു ക്യാപ്റ്റന്‍സ് ദൗത്യങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്‍കിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement