പൃഥ്വി ഷാ ഇംഗ്ലണ്ട് പര്യടനത്തിനുണ്ടാകണമായിരുന്നു – സരൺദീപ് സിംഗ്

ഇന്ത്യന്‍ ഓപ്പണിംഗ് താരം പൃഥ്വി ഷായെ ഇന്ത്യ ഇംഗ്ലണ്ടിലേക്കുള്ള സംഘത്തിലുള്‍പ്പെടുത്തണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ സെലക്ടര്‍ സര‍ൺദീപ് സിംഗ്. പൃഥ്വിയ്ക്ക് പകരം അഭിമന്യൂ ഈശ്വരനെ തിരഞ്ഞെടുത്തത് മനസ്സിലാകുന്നില്ലെന്നും അതിനെക്കാളും മികച്ച സെലക്ഷന്‍ ദേവ്ദത്ത് പടിക്കലാകുമായിരുന്നുവെന്നും സരൺദീപ് പറഞ്ഞു. എന്നാൽ ഇന്ത്യയുടെ ശ്രീലങ്കയിലേക്കുള്ള ടീമിൽ പൃഥ്വിയും ദേവ്ദത്ത് പടിക്കലും ഇടം പിടിച്ചിട്ടുണ്ട്.

അഭിമന്യു ഈശ്വരനെയാകട്ടേ റിസര്‍വ് താരമായിട്ടാണ് തിരഞ്ഞെടുത്തിരുക്കുന്നത്. എന്നാൽ ഇതൊന്നും സരൺദീപിന് ബോധിച്ച മട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ദേവ്ദത്തിനെയായിരുന്നു അഭിമന്യു ഈശ്വരന് പകരം തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും സരൺദീപ് സൂചിപ്പിച്ചു.

2018ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പൃഥ്വിയ്ക്ക് പിന്നീട് ഡോപ് ടെസ്റ്റ് പരാജയപ്പെട്ടതിനാൽ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. അതിന് ശേഷം ഓസ്ട്രേലിയന്‍ ടീമിനെതിരെയുള്ള മോശം പ്രകടനത്തിന് ശേഷം ടീമിലെ സ്ഥാനം നഷ്ടമാകുകയായിരുന്നു.

Exit mobile version