Rovmanpowell

വിന്‍ഡീസിനെ വട്ടംകറക്കി കുൽദീപ്, അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്ത് റോവ്മന്‍ പവൽ

കുൽദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിൽ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കി ഇന്ത്യ. എന്നാൽ അവസാന ഓവറുകളിലടിച്ച് തകര്‍ത്ത് റോവ്മന്‍ പവൽ വെസ്റ്റിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. ഇന്ന് മൂന്നാം ടി20യിൽ ടോസ് നേടി ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 159 റൺസാണ് നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റിന്‍ഡീസ് ഈ സ്കോര്‍ നേടിയത്.

ഒന്നാം വിക്കറ്റിൽ 55 റൺസ് കൈൽ മയേഴ്സ് – ബ്രണ്ടന്‍ കിംഗ് കൂട്ടുകെട്ട് നേടിയപ്പോള്‍ 25 റൺസ് നേടിയ മയേഴ്സിനെ വീഴ്ത്തി അക്സര്‍ പട്ടേലാണ് കൂട്ടുകെട്ട് തകര്‍ത്തത്.

അധികം വൈകാതെ ജോൺസൺ ചാള്‍സിനെ(12) പുറത്താക്കി കുൽദീപ് തന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. നിക്കോളസ് പൂരന്‍ 12 പന്തിൽ 20 റൺസ് നേടി അപകടകാരിയായി മാറുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കുൽദീപ് താരത്തെ പുറത്താക്കി. അതേ ഓവറിൽ 42 റൺസ് നേടിയ ബ്രണ്ടന്‍ കിംഗിനെയും കുൽദീപ് പുറത്താക്കി. കിംഗ് 42 റൺസ് നേടിയെങ്കിലും 42 പന്തുകളാണ് താരം നേരിട്ടത്.

106/4 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ അവസാന ഓവറുകളിൽ റോവ്മന്‍ പവൽ – ഷിമ്രൺ ഹെറ്റ്മ്യര്‍ കൂട്ടുകെട്ടിൽ ടീം പ്രതീക്ഷ അര്‍പ്പിച്ചുവെങ്കിലും മുകേഷ് കുമാര്‍ ഹെറ്റ്മ്യറെ പുറത്താക്കി. 17 പന്തിൽ 36 റൺസ് ആറാം വിക്കറ്റിൽ നേടി വെസ്റ്റിന്‍ഡീസ് 159/5 എന്ന സ്കോര്‍ നേടിയപ്പോള്‍ റോവ്മന്‍ 19 പന്തിൽ പുറത്താകാതെ 40 റൺസ് നേടി.

Exit mobile version