പൊള്ളാര്‍ഡിനു പിഴച്ചു, ധാക്കയെ വീഴ്ത്തി രംഗ്പൂര് റൈഡേഴ്സ്

അവസാന ഓവറില്‍ ധാക്ക ഡൈനാമൈറ്റ്സിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ക്രീസില്‍ കീറണ്‍ പൊള്ളാര്‍ഡ് കൈയ്യില്‍ രണ്ട് വിക്കറ്റും. ആദ്യ രണ്ട് പന്തുകളും ഫൈന്‍ ലെഗില്ലേക്കും ലോംഗ് ഓണിലേക്കും പായിച്ച പൊള്ളാര്‍ഡ് എന്നാല്‍ സിംഗിള്‍ ഓടിയില്ല മൂന്നാം പന്ത് സിക്സര്‍ പറത്തി വീണ്ടും പൊള്ളാര്‍ഡ് ധാക്കയ്ക്ക് പ്രതീക്ഷ നല്കി. നാലാം പന്തും സിംഗിള്‍ ഓടാന്‍ വിസമ്മതിച്ച പൊള്ളാര്‍ഡിനെ ക്ലീന്‍ ബൗള്‍ഡാക്കി തിസാര പെരേര ധാക്കയുടെ വിധിയെഴുത്ത് നടത്തുകയായിരുന്നു. അവസാന പന്തില്‍ അബു ഹൈദറെയും പുറത്താക്കി തിസാര രംഗ്പൂര് റൈഡേഴ്സിനു 3 റണ്‍സിന്റെ വിജയം സമ്മാനിച്ചു.
ക്രിസ് ഗെയില്‍-ബ്രണ്ടന്‍ മക്കല്ലം വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് മക്കല്ലം വേഗം മടങ്ങുന്നത് കാണേണ്ടി വന്നുവെങ്കിലും ഗെയിലിന്റെ വെടിക്കെട്ട് വീക്ഷിക്കുവാന്‍ സാധിച്ചു. 28 പന്തില്‍ 51 റണ്‍സാണ് വെസ്റ്റിന്‍ഡീസ് താരം അടിച്ചുകൂട്ടിയത്. 5 ബൗണ്ടറിയും 4 ഫോറുമാണ് ഗെയില്‍ സ്വന്തമാക്കിയത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ രംഗ്പൂര് റൈഡേഴ്സ് ഇന്നിംഗ്സ് 19.5 ഓവറില്‍ 142 റണ്‍സിനു അവസാനിച്ചു.
ഷാകിബ് അല്‍ ഹസന് അഞ്ച് വിക്കറ്റ് നേടി ധാക്ക ബൗളിംഗ് നിരയെ മുന്നില്‍ നിന്ന് നയിച്ചു. ഷാഹിദ് അഫ്രീദി രണ്ട് വിക്കറ്റ് നേട്ടം കൊയ്തു.
അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ധാക്കയ്ക്കും കാര്യമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായില്ല. ജഹ്രുല് ഇസ്ലാം (28) ആണ് ടോപ് സ്കോറര്‍. എവിന്‍ ലൂയിസ്(28) റണ്‍സ് നേടിയപ്പോള്‍ രണ്ടാം പന്തില്‍ സുനില്‍ നരൈനേ നഷ്ടമായത് ടീമിനു തിരിച്ചടിയായി. അടിക്കടി വിക്കറ്റുകള്‍ വീണതും ടീമിനു തിരിച്ചടിയായി. ഷാഹിദ് അഫ്രീദി 15 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയെങ്കിലും പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സാണ് ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിച്ചത്. 14 പന്തില്‍ നിനന് 12 റണ്‍സ് നേടിയ പൊള്ളാര്‍ഡ് അവസാന ഓവറിലാണ് ഒരു സിക്സ് നേടിയത്.
രംഗ്പൂറിനു വേണ്ടി മഷ്റഫേ മൊര്‍തസ, ഷോഹാഗ് ഗാസി, റൂബല്‍ ഹൊസൈന്‍, തിസാര പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial