പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു മൂന്നാം കിരീടം

മൈക്കല്‍ ക്ലിംഗര്‍ നേടിയ 71 റണ്‍സിന്റെ പിന്‍ബലത്തില്‍ സിഡ്നി സിക്സേഴ്സിനെ 9 വിക്കറ്റിനു തകര്‍ത്ത് ബിഗ്ബാഷ് 06 കിരീടം പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് സ്വന്തമാക്കി. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി നിശ്ചിത 20 ഓവറുകളില്‍ 141 റണ്‍സ് മാത്രമാണ് നേടിയത്. 16ാം ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. ടോസ് ലഭിച്ച പെര്‍ത്ത് ക്യാപ്റ്റന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ ഡാനിയല്‍ ഹ്യൂഗ്സിനെ നഷ്ടമായത് സിഡ്നിയുടെ റണ്ണൊഴുക്കിനെ തടയുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ അവര്‍ക്കായി ഏറെ റണ്‍സ് സ്കോര്‍ ചെയ്തത് ഹുഗ്സ് ആയിരുന്നു. വിക്കറ്റുകള്‍ തുടരെ വീണത് സിഡ്നിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. മൂന്നാം ഓവര്‍ അവസാനിക്കുമ്പോള്‍ 17/3 എന്ന നിലയിലായിരുന്നു സിഡ്നി സിക്സേഴ്സ്. നാലാം വിക്കറ്റില്‍ ബ്രാഡ് ഹാഡിന്‍(38), നയകന്‍ മോയസസ് ഹെന്‍റികസ്(21) എന്നിവര്‍ ചേര്‍ന്ന് നേടിയ 57 റണ്‍സ് അവെ കരകയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി ജൈ റിച്ചാര്‍ഡ്സണ്‍ സിക്സേഴ്സിന്റെ നില പരുങ്ങലിലാക്കി. ജോഹന്‍ ബോത്ത നേടിയ 32 റണ്‍സാണ് സിക്സേഴ്സിനു പൊരുതാനാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ ഒഴികെ വേറൊരാള്‍ക്കും വ്യക്തിഗത സ്കോര്‍ രണ്ടക്കം കടക്കാനായില്ല.

ജൈ റിച്ചാര്‍ഡ്സണ്‍, ടിം ബ്രെസ്നന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‍, ആഷ്ടണ്‍ ടേണര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. സിക്സേഴ്സിന്റെ നിക് മാഡിസണ്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

സിക്സേഴ്സിന്റെ നേര്‍വിപരീതമായ ബാറ്റിംഗ് പ്രകടനമാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് പുറത്തെടുത്തത്. ആദ്യ വിക്കറ്റായി സാം വൈറ്റ്മാന്‍ പുറത്താകുമ്പോള്‍ ടീം സ്കോര്‍ 75 എത്തിയിരുന്നു. വൈറ്റ്മാന്‍ 21 പന്തില്‍ 41 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്ലിംഗര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ബാറ്റിംഗ് തുടര്‍ന്നു. കൂട്ടിനായെത്തിയ ഇയാന്‍ ബെല്ലും മികച്ച സ്കോര്‍(31*) കണ്ടെത്തിയപ്പോള്‍ അനായാസ വിജയമാണ് സ്കോര്‍ച്ചേഴ്സ് ഫൈനലില്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിലെ ഏക വിക്കറ്റ് വീഴ്ത്തിയത് നഥാന്‍ ലയോണ്‍ ആയിരുന്നു.

Previous articleനോബിൾ ഇറാം കപ്പ്: അറേബ്യൻ മണ്ണിൽ ഹൃദയം കീഴടക്കി റോയൽ ട്രാവെൽസ് ബദർ എഫ്സി
Next articleസെവനപ്പ്!!! ജിടിനെതിരെ ഏഴടിച്ച് ഈസ്റ്റേൺ സ്പോർട്ടിങ്