Site icon Fanport

പന്തിന് ആത്മവിശ്വാസം കിട്ടുന്ന ദിവസം മുതല്‍ അവന്‍ അപകടകാരിയായ ക്രിക്കറ്ററായി മാറുമെന്ന് മുഹമ്മദ് ഷമി

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് എന്ന് ആത്മവിശ്വാസം ലഭിയ്ക്കുന്നുവോ അന്ന് താരം അപകടകാരിയായി ബാറ്റ്സ്മാനായി മാറുമെന്ന് അഭിപ്രായപ്പെട്ട മുഹമ്മദ് ഷമി. മികച്ച പ്രതിഭയുള്ള താരമാണ് പന്ത്, തന്റെ സുഹൃത്തായത് കൊണ്ട് വെറുതേ പറയുന്നതല്ല, താരത്തിന് ആത്മവിശ്വാസത്തിന്റെ കുറവ് മാത്രമാണിപ്പോളുള്ളതെന്നും അത് താരം ആര്‍ജ്ജിക്കുന്ന ദിവസം മുതല്‍ തീര്‍ത്തും അപകടകാരിയായ ബാറ്റ്സ്മാനായി പന്ത് മാറുമെന്നും ഷമി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെത്തിയത് മുതല്‍ പന്തിന്റെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നും വിവാദമായിട്ടുണ്ട്. ലോകകപ്പിന്റെ സമയം മുതല്‍ ടീമില്‍ വന്നും പോയിയും നില്‍ക്കുന്ന പന്തിന് സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. താരം ക്രിക്കറ്റിനെ അത്ര ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് പലരുടെയും ആരോപണം. എന്നാല്‍ ഇതിനെതിരെ യുവരാജ് സിംഗും രോഹിത് ശര്‍മ്മയുമെല്ലാം രംഗത്തെത്തിയിരുന്നു.

ഇത്രയും മാധ്യമ ശ്രദ്ധ കിട്ടുന്നത് താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നാണ് അന്ന് ഇവര്‍ പറഞ്ഞത്. ഉടന്‍ താരം ഇതെല്ലാം മറികടന്ന് ഇന്ത്യന്‍ നിരയിലെ അവിഭാജ്യ ഘടകം ആകുമെന്നാണ് ഏവരും കരുതുന്നത്.

Exit mobile version