മില്ലര്‍ വെടിക്കെട്ടിനെ മറികടന്ന് പഖ്ത്തൂണ്‍സ്

- Advertisement -

ടി10 ക്രിക്കറ്റിലെ ആദ്യ പ്ലേ ഓഫില്‍ അപ്രതീക്ഷിത വിജയം പിടിച്ചെടുത്ത് പഖ്ത്തൂണ്‍സ്. ജയത്തോടെ പഖ്ത്തൂണ്‍സ് സെമിയിലേക്ക് കടക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഖ്ത്തൂണ്‍സ് അവസാന പന്തിലാണ് വിജയം നേടിയത്. 6 വിക്കറ്റിന്റെ വിജയമാണ് പഖ്ത്തൂണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 126 റണ്‍സ് നേടിയപ്പോള്‍ പഖ്ത്തൂണ്‍സ് അവസാന പന്തില്‍ വിജയം നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സിനായി ജോണ്‍സണ്‍ ചാള്‍സ്(28) റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും കാമറൂണ്‍ ഡെല്‍പോര്‍ട്ടിനു അതേ മികവ് തുടരാനായില്ല. എന്നാല്‍ ഡേവിഡ് മില്ലര്‍ എത്തിയതോടെ ബംഗാള്‍ ടൈഗേഴ്സ് മികച്ച നിലയിലേക്ക് നീങ്ങി. 26 പന്തില്‍ 3 ബൗണ്ടറിയും 7 സിക്സും അടക്കം 68 റണ്‍സാണ് മില്ലര്‍ നേടിയത്. ഡ്വെയിന്‍ ബ്രാവോ 19 റണ്‍സ് നേടി മില്ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ബംഗാള്‍ ടൈഗേഴ്സ് 126 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനു ഇറങ്ങിയ പഖ്ത്തൂണ്‍സിനു വേണ്ടി അഹമ്മദ് ഷെഹ്സാദ്(38), ഷാഹിദ് അഫ്രീദ്(23) എന്നിവര്‍ വെടിക്കെട്ടുയര്‍ത്തിയെങ്കിലും അധിക നേരം പിടിച്ച് നില്‍ക്കാനാകാതെ അവര്‍ പുറ്ത്തായി. തുടരെ സിക്സറുകള്‍ നേടി അഫ്രീദി ടീമിന്റെ സാധ്യതകള്‍ തിരിച്ചു കൊണ്ടുവന്നുവെങ്കിലും നിര്‍ണ്ണായകമായ ഘട്ടത്തില്‍ താരം പുറത്തായത് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിടുമെന്ന് തോന്നി. അവസാന മൂന്നോവറില്‍ 48 റണ്‍സ് ലക്ഷ്യമായിരുന്നു പഖ്ത്തൂണ്‍സ് നേടേണ്ടിയിരുന്നത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫകര്‍ സമന്‍ (11 പന്തില്‍ 31) 7 പന്തുകള്‍ ശേഷിക്കെ പുറത്തായതും പഖ്ത്തൂണ്‍സിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന പഖ്ത്തൂണ്‍സിനു വേണ്ടി ലിയാം ഡോസണ്‍ ആദ്യ രണ്ട് പന്തുകള്‍ സിക്സര്‍ പറത്തി മത്സരം പഖ്ത്തൂണ്‍സിനു അനുകൂലമാക്കി. അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബൗണ്ടറി പറത്തി ഡോസണ്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 5 പന്തില്‍ 16 റണ്‍സാണ് ഡോസണ്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement