കൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

ടി20 ലീഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ കരാറിലുള്ള താരങ്ങളെ അടുത്താരംഭിക്കാനിരിക്കുന്ന യുഎഇ ടി20 ലീഗില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു പുറമേ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടക്കുന്ന ഒരു ടി20 ലീഗുകളിലും പാക് താരങ്ങള്‍ ഇപ്പോള്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് ബോര്‍ഡ് തീരുമാനം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഗവേണിംഗ് കൗണ്‍സിലിന്റെ മീറ്റിംഗിനു ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി, പിസിബി പ്രതിനിധിനകള്‍, ആറ് പിഎസ്എല്‍ ഫ്രാഞ്ചൈസി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയതാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഗവേണിംഗ് കൗണ്‍സില്‍. യുഎഇയില്‍ അടുത്ത് ആരംഭിക്കാനിരിക്കുന്ന ലീഗില്‍ തങ്ങളുടെ അപ്രിയം ഇവര്‍ വ്യക്തമാക്കുകയായിരുന്നു.

എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ടി-10 ലീഗിന്റെ രണ്ടാം പതിപ്പും സ്വന്തം ടി20 ടൂര്‍ണ്ണമെന്റും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗും അടുത്ത സീസണില്‍ യുഎഇയില്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതെല്ലാം തന്നെ പാക്കിസ്ഥാന്റെ ന്യൂസിലാണ്ട്, ഓസ്ട്രേലിയ എന്നീ ഹോം സീരീസുകളുടെ ഇടയിലാണ്. യുഎഇയില്‍ നടക്കുന്ന ഈ പരമ്പരകളുടെ സാമ്പത്തിക വശങ്ങളെ ഈ തീരുമാനങ്ങള്‍ വല്ലാതെ ബാധിക്കുമെന്നാണ് പിസിബി വിലയിരുത്തല്‍. ഇതിനാല്‍ തന്നെ മലേഷ്യയിലേക്ക് തങ്ങളുടെ പരമ്പരകള്‍ മാറ്റുന്നതിനെക്കുറിച്ചും പാക്കിസ്ഥാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറാഷ്‌ഫോർഡിനു പരിക്ക് സ്ഥിരീകരിച്ച് സൗത്ത്ഗേറ്റ്
Next articleസഞ്ജുവിനെ ഒഴിവാക്കിയത് സങ്കടകരമെന്ന് ഹര്‍ഷ ഭോഗ്‍ലേ