തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, 174 റണ്‍‍സിനു ഓള്‍ഔട്ട് ആയി

- Advertisement -

ലീഡ്സ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ഒന്നാം ദിവസം രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ പാക്കിസ്ഥാന്‍ നേടിയത് 174 റണ്‍സ്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഇമാം ഉള്‍ ഹക്കിനെ പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് നല്‍കിയ തുടക്കം ഇന്നിംഗ്സില്‍ ഉടനീളം ഇംഗ്ലണ്ട് ബൗളര്‍മാര്‍ നിലനിര്‍ത്തുകയായിരുന്നു. ഹാരിസ് സൊഹൈല്‍(28), അസാദ് ഷഫീക്ക്(27), ഷദബ് ഖാന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീം സ്കോര്‍ 100 കടക്കുവാന്‍ പാക്കിസ്ഥാനെ സഹായിച്ചത്. ഷദബ് ഖാന്‍ 56 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായി. ഷദബ് ഖാന്റെ പ്രകടനമില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ഇതിലും പരിതാപകരമായ അവസ്ഥയില്‍ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നേനെ.

79/7 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ ഷദബ് ഖാനൊപ്പം വാലറ്റത്തിന്റെ ചെറുത്ത് നില്പാണ് പിടിച്ചുനിര്‍ത്തിയത്. ഹസന്‍ അലി 24 റണ്‍സ് നേടി. 9ാം വിക്കറ്റില്‍ 43 റണ്‍സാണ് ഷദബ് ഖാന്‍-ഹസന്‍ അലി കൂട്ടുകെട്ട് നേടിയത്.

ഇംഗ്ലണ്ട് നിരയില്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും ക്രിസ് വോക്സും മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement