അഞ്ചില്‍ അഞ്ച് നേടി പാക്കിസ്ഥാന്‍, ഉസ്മാന്‍ ഖാന്‍ കളിയിലെ താരം

- Advertisement -

ശ്രീലങ്കയ്ക്കെതിരെ 5 ഏകദിനങ്ങളും ജയിച്ച് പാക്കിസ്ഥാന്‍. ഇന്ന് അഞ്ചാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 103 റണ്‍സിനു ഓള്‍ഔട്ട് ആക്കി. ഉസ്മാന്‍ ഖാന്റെ മിന്നുന്ന സ്പെല്ലിന്റെ മേന്മയില്‍ അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയെ പാക്കിസ്ഥാന്‍ എറിഞ്ഞിടുകയായിരുന്നു. ലക്ഷ്യം പാക്കിസ്ഥാന്‍ 1 വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു. ഉസ്മാന്‍ ഖാന്‍ മാന്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ ഹസന്‍ അലി മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഉസ്മാന്‍ ഖാന്‍ തന്റെ 7 ഓവറില്‍ 34 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റ് നേടുകയായിരുന്നു. സദീര സമരവിക്രമ തന്റെ രണ്ടാം ഏകദിനത്തിലും പൂജ്യത്തിനു പുറത്തായി. ആദ്യ ഓവറില്‍ സമരവിക്രമയെയും ദിനേശ് ചന്ദിമലിനെയും പുറത്താക്കിയപ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ ഒരു റണ്‍സ് മാത്രമായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഉപുല്‍ തരംഗയെയും(8) ഉസ്മാന്‍ ഖാന്‍ മടക്കി. തിസാര പെരേര 25 ആണ് ടോപ് സ്കോറര്‍. ലഹിരു തിരിമന്നേ(19), സീക്കുജേ പ്രസന്ന(16), ദുഷ്മന്ത് ചമീര(11) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാര്‍.

പാക്കിസ്ഥാനായി ഉസ്മാന്‍ ഖാനു പുറമേ ഹസന്‍ അലി, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിചേര്‍ത്ത് ശേഷം ഫകര്‍ സമന്‍ (48) ആണ് പുറത്തായ ബാറ്റ്സ്മാന്‍. ഇമാം-ഉള്‍-ഹക്ക് 45 റണ്‍സുമായി പുറത്താകാതെ നിന്നു. ജെഫ്രേ വാന്‍ഡേര്‍സേ ആണ് ശ്രീലങ്കയ്ക്കായി ഏക വിക്കറ്റ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement