
ടി20 മത്സരത്തിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ആവേശകരമായ ജയം. ശ്രീലങ്കയുടെ 124 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന് ഒരു പന്ത് ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. 8 വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനു വേണ്ടി 8 പന്തില്‍ നിന്ന് 16 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ഷദബ് ഖാന് ആണ് മാന്‍ ഓഫ് ദി മാച്ച്. നേരത്തെ ഫഹീം അഷ്റഫിന്റെ തകര്‍പ്പന്‍ ഹാട്രിക് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ശ്രീലങ്കയെ 124 റണ്‍സില്‍ തളച്ചിടാന്‍ പാക്കിസ്ഥാനു ആയിരുന്നു. പത്തൊമ്പതാം ഓവറിലാണ് ഫഹീം ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്.
രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ധനുഷ്ക ഗുണതിലക(51), സദീര സമരവിക്രമ(32) എന്നിവരുടെ ബാറ്റിംഗാണ് 100 കടക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. മൂന്ന് ലങ്കന്‍ ബാറ്റ്സ്മാന്മാര് റണ്‍ഔട്ട് ആവുകയായിരുന്നു. ആദ്യ മൂന്ന് ബാറ്റ്സ്മാന്മാര് ഒഴികെ ഒരു താരത്തിനു പോലെ 6 റണ്‍സിനു മേലെ എടുക്കാനും ആയില്ല. ദില്ഷന് മുനവീര 19 റണ്‍സ് നേടി.
ഫഹീം അഷ്റഫും ഹസന് അലിയുമാണ് പാക്കിസ്ഥാന് നിരയില്‍ തിളങ്ങിയത്. ഫഹീം ഹാട്രിക്ക് നേട്ടവും ഹസന് രണ്ട് വിക്കറ്റും നേടി. ഷദബ് ഖാനു ഒരു വിക്കറ്റും ലഭിച്ചു. നാലോവറില്‍ വെറും 14 റണ്‍സ് മാത്രമാണ് ഷദബ് ഖാന് വഴങ്ങിയത്.
ലക്ഷ്യം അനായാസമായി നേടാനാകുമെന്ന പ്രതീക്ഷയിലിറങ്ങിയ പാക്കിസ്ഥാനെ അടിക്കടി വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക സമ്മര്‍ദ്ദത്തിലാക്കി. മികച്ച തുടക്കം നല്കിയ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതും റണ്‍ഔട്ടിലൂടെയാണ്. 30 റണ്‍സാണ് ആദ്യ വിക്കറ്റില്‍ അഹമ്മദ് ഷെഹ്സാദ്(27)-ഫകര്‍ സമന് (11) കൂട്ടുകെട്ട് നേടിയത്. അതിനു ശേഷം വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും അഞ്ചാം വിക്കറ്റില്‍ നായകന് സര്‍ഫ്രാസ് ഖാനും(28) മുഹമ്മദ് ഹഫീസും(14) 40 റണ്‍സ് നേടി പാക്കിസ്ഥാനെ വീണ്ടും വിജയ വഴികളിലെത്തിച്ചു.
എന്നാല്‍ ഹഫീസ് പുറത്തായതോടെ വീണ്ടും വിക്കറ്റുകള്‍ വീഴുവാന്‍ തുടങ്ങി. അവസാന ഓവറില്‍ 12 റണ്‍സ് നേടേണ്ടിയുരുന്ന പാക്കിസ്ഥാനും കൈയ്യില്‍ അവശേഷിച്ചത് 3 വിക്കറ്റുകള്‍ മാത്രമായിരുന്നു. ആദ്യ പന്തില്‍ വിക്കറ്റ് നേടി ശ്രീലങ്ക പരമ്പരയില്‍ ഒപ്പത്തിനെത്താമെന്ന് പ്രതീക്ഷിച്ചുവെങ്കിലും വികും സഞ്ജയയെ നാലാം പന്തില്‍ സിക്സര്‍ പറത്തി ഷദബ് ഖാന് പാക്കിസ്ഥാനു അനുകൂലമായി മത്സരം മാറ്റി. മൂന്നാം പന്തില്‍ ഹസന് അലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതും ആ പന്തില്‍ മൂന്ന് റണ്‍സ് ബാറ്റ്സ്മാന്മാര് നേടിയതും മത്സരത്തിലെ വഴിത്തിരിവാകുകയായിരുന്നു.
ഫീല്‍ഡര്‍ കൈവിട്ട ആ ക്യാച്ച് ശ്രീലങ്കയുടെ വിജയമെന്ന സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാക്കിസ്ഥാന് ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial