ഫോളോ ഓണ്‍ ഭീഷണിയില്‍ പാക്കിസ്ഥാന്‍, റെക്കോര്‍ഡ് ബുക്കില്‍ യൂനിസ് ഖാന്‍

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ശതകം നേടുന്ന ആദ്യ താരമെന്ന ബഹുമതി യൂനിസ് ഖാന്‍ സ്വന്തമാക്കിയെങ്കിലും സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ മേല്‍ക്കോയ്മ തുടരുന്നു. ഇന്ത്യുയുടെ രാഹുല്‍ ദ്രാവിഡ് ആണ് ടെസ്റ്റ് മുഴുവന്‍ അംഗത്വമുള്ള ടെസ്റ്റ് രാജ്യങ്ങളിലെല്ലാം ടെസ്റ്റ് ശതകം നേടിയ മറ്റൊരു ബാറ്റ്സ്മാന്‍. പാക്കിസ്ഥാനില്‍ രാജ്യാന്തര മത്സരങ്ങള്‍ നടക്കാത്തതിനാല്‍ യുഎഇ ആണ് പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ടായി കുറേ നാളുകളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ആനുകൂല്യമാണ് യൂനിസ് ഖാനു ലഭിച്ചതെങ്കിലും അര്‍ഹമായൊരു അംഗീകരാം തന്നെയാണ് ഈ പാക് താരം സ്വന്തമാക്കിയത്.

ഓസ്ട്രേലിയയുടെ 538/8 എന്ന സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ സിഡ്നി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 271/8. 136 റണ്‍സുമായി യൂനിസ് ഖാനും 5 റണ്‍സെടുത്ത യസീര്‍ ഷായുമാണ് ക്രീസില്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 267 റണ്‍സ് പിറകിലുള്ള പാക്കിസ്ഥാനെ വേഗം പുറത്താക്കി ഓസ്ട്രേലിയ ഫോളോ ഓണിനു നിര്‍ബന്ധിക്കുമോയെന്നുള്ളത് കാത്തിരുന്ന കാണേണ്ടതാണ്.

ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴ തടസ്സപ്പെടുത്തിയപ്പോള്‍ അസ്ഹര്‍ അലിയെ നഷ്ടമായാണ് പാക്കിസ്ഥാന്‍ തുടങ്ങിയത്. തലേ ദിവസത്തെ 126/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു അസ്ഹര്‍ അലി(71)യെ റണ്‍ഔട്ട് രൂപത്തിലാണ് നഷ്ടമായത്. 54ാം ഓവറിലാണ് സ്റ്റാര്‍ക്ക് അലിയെ റണ്‍ഔട്ട് ആക്കിയത്. 146 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അസ്ഹര്‍ അലിയും യൂനിസ് ഖാനും നേടിയത്. മിസ്ബ-ഉള്‍-ഹക്(18), അസാദ് ഷഫീക്(4) എന്നിവര്‍ വേഗം മടങ്ങിയപ്പോള്‍ ആറാം വിക്കറ്റില്‍ സര്‍ഫ്രാസ് അഹമ്മദിന്റെ(18) ചെറുത്ത് നില്പിനും അധികം ആയുസ്സുണ്ടായില്ല.

ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും പ്രതികൂല സാഹചര്യങ്ങളുമായി പടപൊരുതിയാണ് യൂനിസ് ഖാന്‍ തന്റെ 34ാം ശതകം നേടിയത്. മൂന്നാം ദിവസം അവസാനിക്കാറായപ്പോള്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി നഥാന്‍ ലയോണ്‍ പാക്കിസ്ഥാന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.

മൂന്ന് വിക്കറ്റ് നേടിയ ലയോണിനൊപ്പം ഹാസല്‍വുഡ്(2), മിച്ചല്‍ സ്റ്റാര്‍ക്ക്(1), സ്റ്റീവ് ഒകഫേ(1) എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.