
ആദ്യ ദിവസം മഴമൂലം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതിരുന്ന ന്യൂസിലാണ്ട് പാക്കിസ്ഥാന് ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം വിക്കറ്റുകളുടെ പെരുമഴ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനെതിരെ പാക്കിസ്ഥാന് 133നു ഓള്‍ഔട്ട് ആവുകയായിരുന്നു. 6 വിക്കറ്റുകള്‍ നേടിയ കോളിന് ഡി ഗ്രാന്‍ഡോം ആണ് പാക്കിസ്ഥാന്റെ അന്തകനായത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാണ്ട് 104/3 എന്ന നിലയിലാണ്.
പാക് ഓപ്പണര്‍മാരായ സമി അസ്ലവും(19) അസ്ഹര്‍ അലിയും (15) ആദ്യ ഒരു മണിക്കൂര്‍ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും അലിയെ പുറത്താക്കി കോളിന് ന്യൂസിലാണ്ടിനു ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. സമി അസ്ലമിനെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന് സ്കോര്‍ 53/2. അതേ സ്കോറില്‍തന്നെ ബാബര്‍ അസമിനെ പുറത്താക്കി ഗ്രാന്‍ഡ്ഹോം തന്റെ രണ്ടാം വിക്കറ്റ് കൊയ്തു. പാക്കിസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ മിസ്ബ ഉള് ഹക്ക് ആണ് ടോപ് സ്കോറര്‍(31). നാലാം വിക്കറ്റിലിറങ്ങിയ പാക് ക്യാപ്റ്റന്‍ 9ാം വിക്കറ്റായാണ് മടങ്ങിയത്. ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ഗ്രാന്‍ഡോമിനു മികച്ച പിന്തുണ നല്കി.
മറുപടി ബാറ്റിംഗാരംഭിച്ച ന്യൂസിലാണ്ടിനും തുടക്കം മികച്ചതായിരുന്നില്ല. ഒരു റണ്‍സ് എടുത്ത ടോം ലാഥം മുഹമ്മദ് അമീറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. കെയിന്‍ വില്യംസണെ(4) സൊഹൈല്‍ ഖാന് പുറത്താക്കിയപ്പോള്‍ 11 റണ്‍സെടുത്ത റോസ് ടെയിലറുടെ വിക്കറ്റ് രാഹത് അലി സ്വന്തമാക്കി. ഓപ്പണര്‍ ജീത് റാവലും(55*) ഹെന്റി നികോളസും(29) ചേര്‍ന്നുള്ള നാലാം വിക്കറ്റ് നേടി 64 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.