Site icon Fanport

അര്‍ദ്ധ ശതകങ്ങളുമായി ഹൈദര്‍ അലിയും ബാബര്‍ അസമും ടി20 പരമ്പരയും പാക്കിസ്ഥാന്

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും ആധികാരിക വിജയം നേടി പാക്കിസ്ഥാന്‍. ഇതോടെ പരമ്പര 2-0ന് പാക്കിസ്ഥാന്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയെ 134 റണ്‍സിന് എറിഞ്ഞ് പിടിച്ച ശേഷം പാക്കിസ്ഥാന്‍ 15.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

തന്റെ രണ്ടാം ടി20 മത്സരം കളിക്കുന്ന ഉസ്മാന്‍ ഖാദിറും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് സിംബാ‍ബ്‍വേ നേടിയത്. 32 റണ്‍സ് നേടിയ റയാന്‍ ബര്‍ള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മധവേരെ(24), ചിഗുംബുര(18), ടിരിപാനോ(15), ചാമു ചിബാബ(15) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

പാക്കിസ്ഥാന്റെ എട്ട് വിക്കറ്റ് വിജയം 29 പന്ത് ബാക്കി നില്‍ക്കെയായിരുന്നു. ഹൈദര്‍ അലി പുറത്താകാതെ 66 റണ്‍സുമായി ടീമിന്റെ വിജയ സമയത്ത് ക്രീസില്‍ നിന്നപ്പോള്‍ ബാബര്‍ അസം 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്തായി. ബ്ലെസ്സിംഗ് മുസരബാനിയ്ക്കാണ് ഇരു വിക്കറ്റുകളും ലഭിച്ചത്.

Exit mobile version