
ടോപ് ഓര്‍ഡറിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി പാക്കിസ്ഥാന്. അവസാന ഓവറുകളില്‍ ഷൊയ്ബ് മാലിക്കിന്റെ കൂറ്റനടികളും അന്താരാഷ്ട്ര അരങ്ങേറ്റ മത്സരം കളിച്ച ഹുസൈന് തലതിന്റെ ശ്രദ്ധേയമായ പ്രകടനവും സര്‍ഫ്രാസ് അഹമ്മദിന്റെ വെടിക്കെട്ട് ബാറ്റിംഗും ഒപ്പം ഫക്കര്‍ സമാന്റെ മികവും ചേര്‍ന്നപ്പോള്‍ കറാച്ചിയിലെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തിലെ കാണിക്കള്‍ക്ക് ബാറ്റിംഗ് വിരുന്നാണ് സമ്മാനിച്ചത്. 37 പന്തില്‍ 41 റണ്‍സ് നേടി തലത് റണ്ണൗട്ട് ആവുകയായിരുന്നു. ഫകര്‍ സമനും(39) റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്. 22 പന്തില്‍ 38 റണ്‍സ് നേടിയ സര്‍ഫ്രാസിനെ റോവ്മന്‍ പവല്‍ പുറത്താക്കി.
സര്‍ഫ്രാസിന്റെ പുറത്താകലില്‍ ടീം ചെറുതായൊന്ന് പതറിയെങ്കിലും 14 പന്തില്‍ 37റണ്‍സുമായി ഷൊയ്ബ് മാലിക്കും 9 പന്തില്‍ 16 റണ്‍സ് നേടി ഫഹീം അഷ്റഫും ചേര്‍ന്ന് പാക്കിസ്ഥാന്റെ സ്കോര്‍ 200 കടത്തി. 17 പന്തില്‍ 47 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഖ്യം നേടിയത്. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം 203 റണ്‍സ് നേടി. വിന്‍ഡീസിനു വേണ്ടി റയാദ് എമ്രിറ്റ്, റോവ്മന്‍ പവല്‍, കീമോ പോള്‍ എന്നിവരാണ് വിക്കറ്റ് നേടിയത്.
പാക്കിസ്ഥാന്റെ ടി20യിലെ ഏറ്റവും മികച്ച സ്കോറിനു ഒപ്പമെത്തുവാനും ഇന്നത്തെ പ്രകടനത്തിലൂടെ ടീമിനു സാധിച്ചു. 2 സിക്സും 4 ബൗണ്ടറിയും സഹിതം 37 റണ്‍സ് നേടിയ ഷൊയ്ബ് മാലിക് തന്നെയാണ് ടീമിനെ അവസാന ഓവറുകളില്‍ വേണ്ട കുതിപ്പ് നല്‍കിയത്. അവസാന 2 ഓവറില്‍ 44 റണ്‍സാണ് കൂട്ടുകെട്ട് അടിച്ചെടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial