സൂചന ശരിയായി, ചെന്നൈ നിലനിര്‍ത്തിയത് മൂവര്‍ സംഘത്തെ തന്നെ

15 കോടി രൂപയ്ക്ക ധോണിയെയും 11 കോടി രൂപയ്ക്ക് സുരേഷ് റൈനയെയും 7 കോടി രൂപയ്ക്ക് രവീന്ദ്ര ജഡേജയെയും നിലനിര്‍ത്തി ഐപിഎല്‍ ലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2 റൈറ്റ് ടു മാച്ച് കാര്‍ഡ് കൈയ്യിലുള്ള ടീമിനു ഇനി ലേല നടപടികളിലൂടെ 47 കോടി രൂപ ചെലവഴിക്കാന്‍ ബാക്കി കൈയ്യിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ ഏകദിനങ്ങള്‍ക്ക് ബ്രേസ്‍വെല്‍ ഇല്ല, ജോര്‍ജ്ജ് വര്‍ക്കര്‍ പകരക്കാരന്‍

പേശിവലിവ് മൂലം ന്യൂസിലാണ്ട് പേസ് ബൗളര്‍ ഡഗ് ബ്രേസ്‍വെല്‍ പാക്കിസ്ഥാനെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് പിന്മാറി. താരത്തിന്റെ പിന്മാറ്റം ന്യൂസിലാണ്ട് ക്രിക്കറ്റ് ആണ് ഔദ്യോഗികമായി സ്ഥിതീകരിച്ചത്. പകരക്കാരനായി ജോര്‍ജ്ജ് വര്‍ക്കറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിനിടെയാണ് ബ്രേസ്‍വെല്ലിനു പരിക്കേറ്റത്.

പരമ്പരയ്ക്കായുള്ള ആദ്യം പ്രഖ്യാപിച്ച് ടീമില്‍ ജോര്‍ജ്ജ് വര്‍ക്കറിനു ഇടം ലഭിച്ചിരുന്നില്ല. പകരം മാര്‍ട്ടിന്‍ ഗുപ്ടിലിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. ജനുവരി 6നു ആരംഭിച്ചുന്ന ഏകദിനങ്ങള്‍ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇരു ടീമുകളും മാറ്റുരയ്ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോബാര്‍ട്ടിനു വേണ്ടി 7 റണ്‍സിന്റെ ആവേശ ജയം പിടിച്ചെടുത്ത് ജോഫ്ര ആര്‍ച്ചര്‍

അവസാന ഓവറില്‍ ജയിക്കുവാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന അഡിലെയിഡ് സ്ട്രൈക്കേഴ്സിനായി ക്രീസിലുണ്ടായിരുന്നത് 7 പന്തില്‍ 16 റണ്‍സ് നേടിയ ജേക്ക് ലേമാനും 18 പന്തില്‍ 28 റണ്‍സ് നേടി നില്‍ക്കുന്ന ജോനാഥനന്‍ വെല്‍സും. ഇരുവരും കുറഞ്ഞ പന്തുകളില്‍ റണ്ണടിച്ച് കൂട്ടി കളി തങ്ങളുടെ പക്കലേക്ക് തിരിച്ച താരങ്ങള്‍. എന്നാല്‍ ആദ്യ പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ജോഫ്ര ആര്‍ച്ചര്‍ ലേമാനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ വെല്‍സ് റണ്‍ഔട്ട് കൂടി ആയതോടെ സ്ട്രൈക്കേഴ്സിന്റെ വിജയ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. പിന്നീടുള്ള പന്തുകളിലൊന്നും തന്നെ ബൗണ്ടറി കണ്ടെത്താന്‍ അഡിലെയ്ഡിനു കഴിയാതെ പോയതോടെ മത്സരം 7 റണ്‍സിനു ഹോബാര്‍ട്ട് ഹറികെയിന്‍സ് സ്വന്തമാക്കി.

തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്ക് ശേഷം 184 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്ട്രൈക്കേഴ്സിനെ മത്സരത്തിലേക്ക് വീണ്ടും തിരികെ എത്തിച്ചത് ട്രാവിസ് ഹെഡും(44) കോളിന്‍ ഇന്‍ഗ്രാമും(66) ആയിരുന്നു. മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് നേടിയ സഖ്യത്തെയും പിരിച്ചത് ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു. പിന്നീട് കോളിന്‍ ഇന്‍ഗ്രാമും ജോനാഥന്‍ വെല്‍സും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തി ഓരോ ഓവറുകളിലും അനായാസം റണ്‍ കണ്ടെത്തിയെങ്കിലും തൈമല്‍ മില്‍സ് ഇന്‍ഗ്രാമിന്റെ അന്തകനായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ജോഫ്ര മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് മത്സരത്തില്‍ ഹറികെയിന്‍സിനു വേണ്ടി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഹറികെയിന്‍സ് ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു. 96 റണ്‍സ് നേടിയ ഷോര്‍ട്ട് ആണ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചൈന്നൈ കിംഗ്സിന്റെ നിലനിര്‍ത്തല്‍ സൂചന ഇങ്ങനെ

“Madras is 378, so are we” ഇങ്ങനെയാണ് ഇന്ന് ഒന്നര മണിയോടു കൂടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇങ്ങനൊരു പോസ്റ്റര്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിച്ചത്. ഇന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടുന്ന ദിവസമെന്ന നിലയില്‍ ആരാധകരുടെ വിലയിരുത്തല്‍ ഇത് ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ ജഴ്സി നമ്പറുകള്‍ ആണെന്നാണ്.

ആരാധകരുടെ വിലയിരുത്തല്‍ പ്രകാരം ചെന്നൈ നിലനിര്‍ത്തുക ഈ മൂന്ന് താരങ്ങളെ ആവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് – റൈന(ജഴ്സി നമ്പര്‍ 3), ധോണി(ജഴ്സി നമ്പര്‍ 7), രവീന്ദ്ര ജഡേജ(8)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡി’ആര്‍ക്കി ഷോര്‍ട്ടിനു വീണ്ടും ശതകം നഷ്ടം, ഇത്തവണ 4 റണ്‍സിനു

കഴിഞ്ഞ മത്സരത്തില്‍ 3 റണ്‍സിനു ബിഗ് ബാഷ് ശതകം നഷ്ടമായ ഡി’ആര്‍ക്കി ഷോര്‍ട്ടിനു ഇത്തവണ ശതകം നഷ്ടമായത് 4 റണ്‍സിനു. 58 പന്തില്‍ 96 റണ്‍സ് നേടിയ ഷോര്‍ട്ടിന്റെ മികവില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സുമായി ഇന്ന് നടന്ന മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സ് 183 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അലക്സ് ഡൂളന്‍(29), ബെന്‍ മക്ഡര്‍മട്ട്(18) എന്നിവര്‍ക്ക് പുറമേ പുറത്താകാതെ 20 റണ്‍സ് നേടിയ മാത്യൂ വെയിഡ് എന്നിരാണ് ഷോര്‍ട്ടിനു കൂട്ടായി നിന്നത്.

ബില്ലി സ്റ്റാന്‍ലേക്ക്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയില്‍ അവസാന ഓവറുകളില്‍ മേല്‍ക്കൈ പിടിച്ചുവാങ്ങി ഓസ്ട്രേലിയ

ആഷസിലെ സിഡ്നി ടെസ്റ്റില്‍ ആദ്യ ദിവസം ഇംഗ്ലണ്ട് 233/5 എന്ന നിലയില്‍. മഴ മൂലം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ലഞ്ച് നേരത്തെയാക്കി കളി പുനക്രമീകരിച്ചപ്പോള്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റ്സ്മാന്മാര്‍ക്കെല്ലാം തന്നെ തുടക്കം ലഭിച്ചുവെങ്കിലും അവര്‍ക്ക് ക്രീസില്‍ അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. അര്‍ദ്ധ ശതകം തികച്ച ജോ റൂട്ടും ദാവീദ് മലനും മാത്രമായിരുന്നു ഇതിനൊരപവാദം. റൂട്ട് 83 റണ്‍സ് നേടി പുറത്തായപ്പോള്‍ ദാവീദ് മലന്‍ 55 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നില്‍ക്കുന്നു. 5 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ 81.4 ഓവറുകള്‍ എറിഞ്ഞ ആദ്യ ദിവസത്തെ കളി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

228/3 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന രണ്ട് ഓവറുകളില്‍ വീഴ്ത്തിയ വിക്കറ്റുകളുടെ ബലത്തില്‍ ഓസ്ട്രേലിയ പിടിച്ചുകെട്ടുകയായിരുന്നു. ഇംഗ്ലണ്ടിനു മുന്‍തൂക്കമുള്ള ആദ്യ ദിവസമെന്ന നിലയില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ടെസ്റ്റില്‍ ഈ വിക്കറ്റുകളിലൂടെ ഓസ്ട്രേലിയ നടത്തിയത്.

അലിസ്റ്റര്‍ കുക്ക്(39), മാര്‍ക്ക് സ്റ്റോണ്‍മാന്‍(24), ജെയിംസ് വിന്‍സ്(25) എന്നിവരാണ് പുറത്തായ മറ്റു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷന്‍ മഴയില്‍ കുതിര്‍ന്നു, ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ആഷസിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മഴ മൂലം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ സമയം ഉച്ചയ്ക്ക് 12.10നോടടുത്ത സമയത്ത് നടന്ന ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളിലും ഒരു മാറ്റമാണുള്ളത്. ഇംഗ്ലണ്ട് ക്രിസ് വോക്സിനു പകരം മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനു അവസരം നല്‍കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ ഓസ്ട്രേലിയന്‍ ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജാക്സണ്‍ ബേര്‍ഡ് ആണ് പുറത്ത് പോകുന്ന താരം. ആഷ്ടണ്‍ അഗര്‍ രണ്ടാം സ്പിന്നറായി സിഡ്നിയില്‍ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, മാര്‍ക്ക് സ്റ്റോണ്‍മാന്‍, ജെയിംസ് വിന്‍സ്, ജോ റൂട്ട്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ടോം കുറന്‍, മേസണ്‍ ക്രെയിന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേര്‍സണ്‍

ഓസ്ട്രേലിയ: കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ടെസ്റ്റ് ജഡേജ കളിച്ചേക്കില്ല, ധവാന്‍ മാച്ച് ഫിറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജനുവരി 5നു ആരംഭിക്കുന്ന കേപ് ടൗണ്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിക്കുവാനുള്ള സാധ്യത കുറവ്. വൈറല്‍ പനി ബാധിച്ച താരം ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലാണെന്നും 48 മണിക്കൂറിനുള്ളില്‍ താരം പൂര്‍ണ്ണമായും സുഖം പ്രാപിക്കുമെന്നും ബിസിസിഐ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. മത്സര ദിവസം രാവിലെ മാത്രമേ താരത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള അന്തിമ തീരുമാനം ടീം മാനേജ്മെന്റ് എടുക്കുകയുള്ളു.

ജഡേജ ഇല്ലാത്ത സാഹചര്യം വരുകയാണെങ്കില്‍ രവിചന്ദ്രന്‍ അശ്വിനാവും സ്പിന്നറുടെ റോളില്‍ അവസാന ഇലവനില്‍ ഇടം പിടിക്കുക. ശിഖര്‍ ധവാന്‍ പൂര്‍ണ്ണാരോഗ്യവാനാണെന്നും ടീം സെലക്ഷനു പരിഗണിക്കപ്പെടുമെന്നത് ഇന്ത്യയ്ക്ക് ശുഭസൂചകമായ വാര്‍ത്തയാണ്. ധവാന്‍ ഇന്ന് 20 മിനുട്ടോളം പരിശീലനത്തിലും ഏര്‍പ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാനെ മറികടന്ന് ടി20 റാങ്കിംഗില്‍ ഒന്നാമതെത്തി ന്യൂസിലാണ്ട്

ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ന്യൂസിലാണ്ട്. 126 പോയിന്റാണ് ന്യൂസിലാണ്ട് ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 119 റണ്‍സിനു പരാജയപ്പെടുത്തി 2-0 നു പരമ്പര സ്വന്തമാക്കുകയായിരുന്നു ന്യൂസിലാണ്ട്. 124 പോയിന്റുള്ള പാക്കിസ്ഥാനെയും 121 പോയിന്റുള്ള ഇന്ത്യയെയും പിന്തള്ളിയാണ് ന്യൂസിലാണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാക്കിസ്ഥാനെതിരെ ഈ മാസം അവസാനം നടക്കുന്ന ടി20 പരമ്പര 2-1 എന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ന്യൂസിലാണ്ടിനു ഒന്നാം റാങ്ക് നിലനിര്‍ത്താനാകൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോമിലായി ഫിഞ്ച്, റെനിഗേഡ്സിനു 8 വിക്കറ്റ് ജയം

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു ജയം. സിഡ്നി സ്റ്റാര്‍സിനെതിരെ 8 വിക്കറ്റ് വിജയമാണ് ഫിഞ്ചും സംഘവും നേടിയത്. സിക്സേര്‍സ് നല്‍കിയ 112 റണ്‍സ് ലക്ഷ്യം 15.3 ഓവറിലാണ് റെനഗേഡ്സ് മറികടന്നത്. 51 റണ്‍സ് നേടിയ ഫിഞ്ച് റണ്‍ഔട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ കാമറൂണ്‍ വൈറ്റ് 49 റണ്‍സുമായി പുറത്താകാതെ നിന്നു. 38 പന്തില്‍ നിന്നാണ് ഫിഞ്ച് 51 റണ്‍സ് നേടിയത്. ബെന്‍ ഡ്വാര്‍ഷിയൂസിനാണ് ഒരു വിക്കറ്റ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഫിഞ്ച് ഇന്ന് മികച്ച ഫോമിലായിരുന്നു. കാമറൂണ്‍ വൈറ്റുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍

നേരത്തെ ഡ്വെയിന്‍ ബ്രാവോയുടെ മികവില്‍ സിക്സേര്‍സിനെ 111 റണ്‍സില്‍ ഒതുക്കുകയായിരുന്നു റെനഗേഡ്സ്. ബ്രാവോയും മറ്റു ബൗളര്‍മാരും ഒരു പോലെ തിളങ്ങിയപ്പോള്‍ റണ്‍ കണ്ടെത്താന്‍ സിക്സേര്‍സ് ബുദ്ധിമുട്ടി. 32 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ ജോഹന്‍ ബോത്തയുടെ ഇന്നിംഗ്സാണ് സിക്സേര്‍സ് സ്കോര്‍ 100 കടക്കാന്‍ സഹായിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നിയില്‍ ക്രിസ് വോക്സ് ഇല്ല, മേസണ്‍ ക്രെയിന്‍ അരങ്ങേറ്റം കുറിക്കും

സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിനു പരിക്കേറ്റത്തോടെ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ പകരക്കാരനായി അവസാന ഇലവനില്‍ മത്സരിക്കും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ഏറ്റ പരിക്ക് ഇപ്പോള്‍ കൂടുതല്‍ വഷളായതാണ് താരത്തിനും ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനു വേണ്ടി പരിശീലന മത്സരങ്ങളിലും പരമ്പരയിലുടനീളവും ഏറ്റവുമധികം തവണ പന്തെറിഞ്ഞത് ക്രിസ് വോക്സ് ആയിരുന്നു.

സ്കാനുകള്‍ പ്രകാരം പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും കൂടുതല്‍ കാലം പുറത്തിരിക്കാതിരിക്കുവാന്‍ താരം സിഡ്നിയില്‍ വിശ്രമം തേടുന്നതാണ് നല്ലതെന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനു നേരത്തെ പരിക്കേറ്റ് പേസ് ബൗളര്‍ ക്രെയിഗ് ഒവര്‍ട്ടന്റെ സേവനത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെയും വല്ലാതെ ബാധിക്കും. ഇരുവരും ബാറ്റ് കൊണ്ടും ടീമിനെ രക്ഷിക്കുവാന്‍ കഴിവുള്ള രണ്ട് കളിക്കാരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 111 റണ്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറില്‍ പീറ്റര്‍ നെവിലിനെ നഷ്ടമായ ടീമിനു പിന്നെ അടിക്കടി വിക്കറ്റുകള്‍ നഷ്ടമായി 65/6 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും(22), നായകന്‍ ജോഹന്‍ ബോത്തയും(32*) ചേര്‍ന്നാണ് മൂന്നക്കം കടക്കാന്‍ സഹായിച്ചത്. നിക്ക് മാഡിന്‍സണും 24 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ 111 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സിനു നേടാനായത്. 23 പന്തില്‍ നിന്നാണ് ബോത്ത 32 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും ഒരു സിക്സറും ഇന്നിംഗ്സില്‍ അടങ്ങി.

ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും മുഹമ്മദ് നബി രണ്ട് വിക്കറ്റും ജാക്ക് വൈല്‍ഡര്‍മത്തും ബ്രാഡ് ഹോഗ്ഗും ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version