
ഓസ്ട്രേലിയയ്ക്കെതിരെ ഇന്നിംഗ്സ് വിജയവുമായി ദക്ഷിണാഫ്രിക്ക. ഒരു ഇന്നിംഗ്സിനും 80 റണ്‍സിനുമാണ് ഹൊബാര്‍ട്ട് ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയ്ക്കെതിരെ വിജയം പിടിച്ചെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് തോല്‍വിയാണിത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0 നു സ്വന്തമാക്കി. ഒക്ടോബര്‍ 24നു അഡ്ലൈഡില് വെച്ചാണ് മൂന്നാം ടെസ്റ്റ്. പിങ്ക് ബോളാണ് അഡ്ലൈഡ് ടെസ്റ്റില്‍ ഉപയോഗിക്കുക.
മൂന്നാം ദിവസം കളി അവസാനിച്ചപ്പോള്‍ നേടിയ 121/2 എന്ന നിലയില്‍ നിന്ന് മത്സരം പുനരാരംഭിച്ച ഓസ്ട്രേലിയ 161ന് ഓള്‍ഔട്ട് ആവുകയായിരുന്നു. 40 റണ്‍സെടുക്കുന്നതിനിടെ ഓസ്ട്രേലിയയുടെ 8 വിക്കറ്റുകള്‍ വീഴ്ത്തി കൈല്‍ അബോട്ടും കാഗിസോ റബഡയുമാണ് ആതിഥേയരുടെ പതനത്തിനു ആക്കം കൂട്ടിയത്.
ഡേവിഡ് വാര്‍ണര്‍(45) ഉസ്മാന് ഖ്വാജ(61) സ്റ്റീവന്‍ സ്മിത്ത്(31) എന്നിവരൊഴികെ മറ്റൊരു ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനും രണ്ടക്ക സ്കോര്‍ കണ്ടെത്താനായില്ല. കൈല്‍ അബോട്ട് 6 വിക്കറ്റുകള്‍ നേടിയപ്പോള്‍ കാഗിസോ റബഡ നാല് വിക്കറ്റുകള്‍ വീഴ്ത്തി.
കൈല്‍ അബോട്ടാണ് മാന്‍ ഓഫ് ദി മാച്ച്.