
ഓസ്ട്രേലിയയുടെ ന്യൂസിലാണ്ട് പര്യടനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ ഏകദിനത്തില്‍ ന്യൂസിലാണ്ടിനു 6 റണ്‍സ് വിജയം. ഇന്ന് ഓക്ലാന്‍ഡിലെ ഈഡന് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടുകയായിരുന്നു. ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും വാലറ്റക്കാരോടൊപ്പം ചേര്‍ന്ന് പടപൊരുതിയ മാര്‍ക്കസ് സ്റ്റോയിനിസ് തന്റെ ആദ്യ ശതകം (146) തികച്ചുവെങ്കിലും വിജയത്തിനു 6 റണ്‍സ് അകലെ വെച്ച് ജോഷ് ഹാസല്‍വുഡ് റണ്‍ഔട്ട് ആവുകയായിരുന്നു. 117 പന്തില്‍ 146* റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസിന്റെ ഇന്നിംഗ്സില്‍ 9 ബൗണ്ടറികളും 11 സിക്സറുകളും അടങ്ങിയിരുന്നു. അവസാന വിക്കറ്റില്‍ ജോഷ് ഹാസല്‍വുഡിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി 54 റണ്‍സാണ് സ്റ്റോയിനിസ് സ്വന്തമാക്കിയത്. കൂട്ടുകെട്ടില്‍ ഹാസല്‍വുഡ് ഒരു പന്ത് പോലും കളിയ്ക്കുകയുണ്ടായില്ല.
നീല്‍ ബ്രൂം(73), മാര്‍ടിന്‍ ഗുപ്ടില്‍(61), ജെയിംസ് നീഷം(48) എന്നിവരായിരുന്നു ന്യൂസിലാണ്ട് നിരയിലെ പ്രധാന സ്കോറര്‍മാര്‍. 134/5 എന്ന നിലയിലേക്ക് തകര്‍ന്ന ന്യൂസിലാണ്ടിനെ ബ്രൂം-നീഷം കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മാര്‍ക് സ്റ്റോയിനിസ് മൂന്ന് വിക്കറ്റും, പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹാസല്‍വുഡ്, ജെയിംസ് ഫോക്നര്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടു കൂടിയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാണ്ട് ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയയെ 67/6 എന്ന നിലയിലെത്തിക്കുകയായിരുന്നു. മാര്‍ക് സ്റ്റോയിനിസ്-ജെയിംസ് ഫോക്നര്‍ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ കൂറ്റന്‍ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് കൂട്ടുകെട്ട് സ്വന്തമാക്കുകയായിരുന്നു. കോളിന് മുണ്‍റോ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ 25 റണ്‍സ് ആയിരുന്നു ഫോക്നറുടെ സംഭാവന. സ്റ്റോയിനിസ് ന്യൂസിലാണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് തന്റെ ശതകം തികയ്ക്കുകയായിരുന്നു. അവസാന ഓവറുകളില്‍ യഥേഷ്ടം ബൗളണ്ടറികളും സിക്സറുകളും കണ്ടെത്തിയ സ്റ്റോയിനിസിനു മികച്ച പിന്തുണയാണ് പാറ്റ് കമ്മിന്‍സ് നല്‍കിയത്(35). ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 146 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.