Site icon Fanport

ഫെര്‍ഗൂസണ് ഹാട്രിക്ക്, അവസാന ഓവറിൽ മൂന്ന് വിക്കറ്റുമായി ഫിലിപ്പ്സ്, 5 റൺസ് ത്രില്ലര്‍ വിജയവുമായി ന്യൂസിലാണ്ട്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ ത്രസിപ്പിക്കും വിജയവുമായി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 108 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്ക 103 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 5 റൺസ് വിജയത്തോടെ ന്യൂസിലാണ്ട് പരമ്പരയില്‍ ഒപ്പമെത്തി.

മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോള്‍ 52 റൺസുമായി ക്രീസിലുള്ള പതും നിസ്സങ്ക ശ്രീലങ്കയുടെ സാധ്യത ഉറപ്പാക്കിയതായിരുന്നു. ജയിക്കാന്‍ വേണ്ടിയിരുന്നത് 8 റൺസും കൈയ്യിലുള്ളത് 3 വിക്കറ്റും.

Newzealand

ഓവറിലെ രണ്ടാം പന്തിൽ നിസ്സങ്കയുടെ വിക്കറ്റ് ഗ്ലെന്‍ ഫിലിപ്പ്സ് വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത പന്തിൽ മതീഷ പതിരാനയും പുറത്തായി. അഞ്ചാം പന്തിൽ 14 റൺസ് നേടിയ തീക്ഷണയെയും പുറത്താക്കി ഗ്ലെന്‍ ഫിലിപ്പ്സ് ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി.

ഫിലിപ്പ്സിന് പുറമെ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ് ഹാട്രിക്ക് നേട്ടം നേടിയ ലോക്കി ഫെര്‍ഗൂസണ് പക്ഷേ പരിക്ക് കാരണം പുറത്ത് പോകേണ്ടി വന്നിരുന്നു. മൈക്കൽ ബ്രേസ്വെൽ രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നിരയിൽ വിൽ യംഗ് മാത്രമാണ് റൺസ് കണ്ടെത്തിയത്. താരം 30 റൺസ് നേടിയപ്പോള്‍ ജോഷ് ക്ലാര്‍ക്സൺ 24 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്‍ഡു ഹസരംഗ നാലും മതീഷ പതിരാന 3 വിക്കറ്റും നേടി. നുവാന്‍ തുഷാരയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

 

 

Exit mobile version