ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനു രക്ഷയില്ല

- Advertisement -

ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിനു ശേഷം ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനു മോശം തുടക്കം. ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ ന്യൂസിലാണ്ട് വെസ്റ്റിന്‍ഡീസിനെതിരെ 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 248/9 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ലക്ഷ്യം 24 പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ന്യൂസിലാണ്ട് മറികടന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ ന്യൂസിലാണ്ടിനായി അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കോളിന്‍ മുണ്‍റോയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റണ്‍സിനു നഷ്ടമായി. റോസ് ടെയിലര്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്നു.

എവിന്‍ ലൂയിസ് നേടിയ തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് വെസ്റ്റിന്‍ഡീസ് 248 റണ്‍സ് നേടിയത്. ലൂയിസ്(76), റോവമന്‍ പവല്‍(59) എന്നിവരൊഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നത് മികച്ച സ്കോറിലെത്തുന്നതില്‍ നിന്ന് വെസ്റ്റിന്‍‍ഡീസിനെ തടഞ്ഞു. ഡഗ് ബ്രേസ്‍വെല്‍ ന്യൂസിലാണ്ടിനായി 4 വിക്കറ്റ് നേടി. ടോഡ് ആസ്ട‍്‍ലേ മൂന്നും ലോക്കി ഫെര്‍ഗൂസണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനായി ടോപ് ഓര്‍ഡറും മധ്യ നിരയും മികവ് പുലര്‍ത്തുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ട് 108 റണ്‍സാണ് നേടിയത്. എന്നാല്‍ കോളിന്‍ മണ്‍റോ(49), ജോര്‍ജ്ജ് വര്‍ക്കര്‍(57) എന്നിവര്‍ തുടരെ വിക്കറ്റ് നഷ്ടമായി പവലിയനിലേക്ക് മടങ്ങിയെങ്കിലും കെയിന്‍ വില്യംസണും(38) റോസ് ടെയിലറും ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തി. പിന്നീട് മധ്യനിരയില്‍ വിക്കറ്റുകള്‍ ഒരു വശത്ത് നഷ്ടമായെങ്കിലും റോസ് ടെയിലര്‍ നങ്കൂരമിട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement