കോഹ്‍ലിയുടെ ശൈലിയില്‍ ഒരു തെറ്റുമില്ലെന്ന് വിന്‍ഡീസ് ഇതിഹാസം

വിരാട് കോഹ്‍ലിയുടെ ശൈലിയില്‍ തനിക്ക് ഒരു തെറ്റും കാണാനാകുന്നില്ലെന്ന് പറഞ്ഞ് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്. കോഹ്‍ലി ഇന്നും തന്റെ പ്രിയപ്പെട്ട താരമാണ്, എന്റെ പ്രിയപ്പെട്ട ക്യാപ്റ്റനും എന്നാണ് റിച്ചാര്‍ഡ്സ് പറഞ്ഞത്. ഇന്ത്യയ്ക്ക് ഓസ്ട്രേലിയയില്‍ പരമ്പര വിജയിക്കുവാനുള്ള സുവര്‍ണ്ണാവസരമാണെന്നാണ് റിച്ചാര്‍ഡ്സ് പറഞ്ഞത്. അത് കോഹ്‍ലിയുടെ നായകത്വത്തിലാവും സംഭവിക്കുവാന്‍ ഏറെ സാധ്യതയെന്നും വിവ് പറഞ്ഞു.

കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ എന്നീ പ്രഗത്ഭര്‍ മുമ്പ് ശ്രമിച്ച് നടക്കാതെ പോയ കാര്യം കോഹ്‍ലിയ്ക്ക് സാധിച്ചേക്കുമെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. ഓസ്ട്രേലിയയ്ക്കാരുടെ സ്ലെഡ്ജിംഗിനു തിരിച്ച് മറുപടി നല്‍കുന്ന താരമാണ് വിരാട്. ഞാനും ഇത്തരത്തില്‍ മറുപടി നല്‍കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ വിരാടിന്റെ ശൈലി ഇഷ്ടമാണ്.

ഇന്നത്തെ ഇന്ത്യന്‍ ടീമിനു ആരെയും പേടിയില്ല. പണ്ടത്തെ ടീം ഇത്തിരി പിന്നോട്ട് വലിയുന്നതായിരുന്നു. ആ മാറ്റത്തിനു വിരാടും കാരണമാണ്. വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് പോകുന്നില്ലെങ്കില്‍ സ്ലെഡ്ജിംഗ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.

Exit mobile version