
കരിയറിന്റെ പകുതിയോളം പിന്നിട്ട ഈ ഘട്ടത്തില്‍ താന്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. ഏകദിനത്തിലും ടി20യിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ രോഹിത് ശര്‍മ്മയ്ക്ക് എന്നാല്‍ ടെസ്റ്റില്‍ സ്ഥാനം ഉറപ്പിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 25 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള രോഹിത് ശര്‍മ്മയ്ക്ക് 1479 റണ്‍സാണ് 39.97 റണ്‍സ് ശരാശരിയില്‍ നേടുവാനായിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്ത്താനാകാത്തതിനാല് അഫ്ഗാനിസ്ഥാനെതിരെയുള്ള ചരിത്ര ടെസ്റ്റിനുള്ള സ്ക്വാഡിലും താരത്തിനു സ്ഥാനം നേടാനായില്ല.
ഇപ്പോള്‍ താന്‍ ടെസ്റ്റ് ക്രിക്കറ്റിനെയോ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനെയോ പറ്റി ആലോചിക്കുന്നില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് നായകന് പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനി ബാക്കിയുള്ള കരിയര്‍ ആസ്വദിച്ച് കളിക്കുക എന്നത് മാത്രമാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും രോഹിത് പറഞ്ഞു.
കരിയറിന്റെ ആദ്യത്തെ അഞ്ചാറ് വര്‍ഷം താന്‍ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. താന്‍ ടീമിലേക്ക് എത്തുമോ ഇല്ലയോ എന്നത് തന്നെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അഫ്ഗാന് ടെസ്റ്റിനുള്ള ടീമില്‍ ഇടം ലഭിക്കാത്തതിലും തനിക്ക് യാതൊരു അത്ഭുതവും തോന്നിയില്ലെന്നാണ് രോഹിത് പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial