ഫീല്‍ഡിംഗ് കോച്ച് രാജി വെച്ചതായി അറിയിച്ച് ശ്രീലങ്ക

ശ്രീലങ്കയുടെ ഫീല്‍ഡിംഗ് കോച്ച് നിക് പോത്താസ് ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി അറിയിച്ച് ലങ്കന്‍ ബോര്‍ഡ്. ഏപ്രില്‍ 13നാണ് തീരുമാനം പോത്താസ് കൈക്കൊണ്ടത്. ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായും നിക് പ്രവര്‍ത്തിച്ചിരുന്നു. 2016ലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറെ ശ്രീലങ്ക ഫീല്‍ഡിംഗ് കോച്ചായി നിയമിച്ചത്. 2017ല്‍ ഗ്രഹാം ഫോര്‍ഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ പോത്താസിനെ ശ്രീലങ്ക താല്‍ക്കാലിക കോച്ചായി നിയമിച്ചു.

പോത്താസ് ശ്രീലങ്കയുടെ കോച്ചായി മാറുമെന്ന് പിന്നീട് കരുതിയെങ്കിലും ബോര്‍ഡ് ബംഗ്ലാദേശിന്റെ കോച്ചും മുന്‍ ശ്രീലങ്കന്‍ ടെസ്റ്റ് താരവുമായ ചന്ദിക ഹതുരുസിംഗയേ കോച്ചായി നിയമിക്കുകയായിരുന്നു. ഫീല്‍ഡിംഗ് കോച്ചായി തുടരുവാന്‍ ശ്രീലങ്കന്‍ ബോര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ അസിസ്റ്റന്റ് കോച്ചായി സ്ഥാനം കയറ്റം നല്‍കണമെന്നായിരുന്നു പോത്താസിന്റെ ആവശ്യം.

എന്നാല്‍ ഹതുരുസിംഗയ്ക്ക് തിലന്‍ സമരവീരയെ ഉപ കോച്ചായി നിയമിക്കണെന്നായിരുന്നു ആഗ്രഹം. ഇതോടെ ബോര്‍ഡും പോത്താസും തമ്മില്‍ വഴിപിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകടുത്ത നടപടിക്ക് ഒരുങ്ങി മൗറീഞ്ഞോ, എഫ് എ കപ്പ് സെമിയിൽ ചിലർക്ക് സ്ഥാനം ഉണ്ടാവില്ല
Next articleകോപ അമേരിക്ക ഫൈനൽ ലീഗിൽ ജയിച്ച് ബ്രസീലും അർജന്റീനയും