ന്യൂസിലാണ്ട് ശക്തമായ നിലയില്‍

- Advertisement -

ഹാമിള്‍ട്ടണ്‍ ടെസ്റ്റ് നാലാം ദിവസം അവസാനിച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ട് ശക്തമായ നിലയില്‍. ന്യൂസിലാണ്ട് ഉയര്‍ത്തിയ 369 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു റണ്‍സ് നേടിയിട്ടുണ്ട്. സമി അസ്ലം(1*) അസ്ഹര്‍ അലി(0*) എന്നിവരാണ് ക്രീസില്‍.

നേരത്തെ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സ് 313/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ ജീത് റാവലിനെ(2) മുഹമ്മദ് അമീര്‍ പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ടോം ലാഥവും കെയിന്‍ വില്യംസണും ചേര്‍ന്ന് 96 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. 42 റണ്‍സ് നേടിയ വില്യംസണെ ഇമ്രാന്‍ ഖാന്‍ പുറത്താക്കി. 80 റണ്‍സെടുത്ത ടോം ലാഥമിന്റെ വിക്കറ്റ് നേടി വഹാബ് റിയാസ് ന്യൂസിലാണ്ടിനു മൂന്നാമത്തെ പ്രഹരം നല്‍കുമ്പോള്‍ സ്കോര്‍ 159/3 എന്ന നിലയിലായിരുന്നു. ഹെന്‍റി നികോളസും(26) കോളിന്‍ ഗ്രാന്‍ഡോമും(32) റോസ് ടെയ്‍ലറോടൊപ്പം ചേര്‍ന്ന് ന്യൂസിലാണ്ട് സ്കോര്‍ 250 കടത്തി. റോസ് ടെയ്‍ലര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ന്യൂസിലാണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡിക്ലയറേഷന്‍ സമയത്ത് 102 റണ്‍സെടുത്ത റോസ് ടെയ്‍ലറും 15 റണ്‍സെടുത്ത വാട്ളിംഗുമായിരുന്നു ക്രീസില്‍.

പാക്കിസ്ഥാനു വേണ്ടി മൂന്ന് വിക്കറ്റ് നേടിയ ഇമ്രാന്‍ ഖാന്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ മുഹമ്മദ് അമീറും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതം നേടി.

Advertisement