
ഇന്ത്യക്കെതിരെയുള്ള രണ്ടാമത്തെ ടി20 മത്സരത്തിൽ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനം നടത്തിയ ബാറ്റസ്മാൻമാർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുക്കുകയായിരുന്നു. 54 പന്തിൽ സെഞ്ചുറി നേടിയ മൻറോയും 41 പന്തിൽ 45 റൺസ് നേടിയ ഗുപ്റ്റിലും സ്കോർ 196 ലെത്തിക്കുന്നതിന് സഹായിച്ചു. ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 105 റൺസിന്റെ മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി ന്യൂസിലൻഡിന് മികച്ച അടിത്തറ നൽകി. 109 റൺസ് എടുത്ത് മൻറോ പുറത്താവാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും ബുംറയും മികച്ച നിലയിൽ ബൗൾ ചെയ്തെങ്കിലും ബാക്കി ആർക്കും ന്യൂസിലാൻഡ് ബാറ്റിങ് നിരക്ക് വെല്ലുവിളി സൃഷ്ടിക്കാനായില്ല. ഫീൽഡിങ്ങിൽ ഇന്ത്യ ഒരുപാടു അവസരങ്ങൾ നഷ്ട്ടപെടുത്തുകയും ചെയ്തതോടെ ന്യൂസിലൻഡിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇന്ത്യക്ക് വേണ്ടി പുതുമുഖം മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. ചഹാൽ ആണ് ന്യൂലാൻഡിന്റെ മറ്റൊരു വിക്കറ്റ് നേടിയത്.
കഴിഞ്ഞ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങിയ നെഹ്റക്ക് പകരം ഹൈദരാബാദ് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് അവസരം നൽകിയാണ് വിരാട് കോഹ്ലി ടീമിനെയിറക്കിയത്. മുഹമ്മദ് സിറാജിന്റെ ആദ്യ ഇന്റർനാഷണൽ മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലാൻഡ് ഇറങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial