ന്യൂസിലാണ്ടിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കോരിചൊരിഞ്ഞ് മഴ

13 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് വിജയം, വിജയത്തോടു കൂടി പരമ്പര സമനിലയിലാക്കല്‍ അങ്ങനെ ന്യൂസിലാണ്ടിന്റെ ഒട്ടനവധി പ്രതീക്ഷകള്‍ക്കുമേലാണ് മഴ വില്ലനായി പെയ്തിറങ്ങിയത്. 80/5 എന്ന നിലയില്‍ നാലാം ദിവസം പരുങ്ങലിലായ ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസില്‍ നായകന്‍ ഫാഫ് ഡ്യുപ്ലെസിയും(15), ക്വിന്റണ്‍ ഡിക്കോക്കും(15) ഉണ്ടായിരുന്നെങ്കിലും ന്യൂസിലാണ്ടിനെക്കാള്‍ 90 റണ്‍സ് പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക അപ്പോഴും. ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണാവട്ടെ ചരിത്രം കുറിയ്ക്കാമെന്ന പ്രതീക്ഷയിലാണ് നാലാം ദിവസം അവസാനിപ്പിച്ച് മടങ്ങിയത്. എന്നാല്‍ എല്ലാം തകിടം മറിച്ച് മഴ അവതരിയ്ക്കുകയായിരുന്നു. അഞ്ചാം ദിവസം ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരമ്പര ദക്ഷിണാഫ്രിക്ക 1-0 നു സ്വന്തമാക്കി. പരമ്പര സ്വന്തമാക്കിയതോടു കൂടി ദക്ഷിണാഫ്രിക്ക ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. മാര്‍ട്ടിന്‍ ക്രോയുടെ 17 ടെസ്റ്റ് ശതകങ്ങള്‍ എന്ന ന്യൂസിലാണ്ട് റെക്കോര്‍ഡിനൊപ്പം വില്യംസണ്‍ ഈ ടെസ്റ്റിലെ ശതകത്തിലൂടെ എത്തിയിരുന്നു.

Previous articleക്യാപ്റ്റനായി നെയ്മർ, തോൽവിയറിയാതെ ബ്രസീൽ
Next articleവീഡിയോ റിപ്ലെയുടെ സഹായത്തോടെ ജയിച്ചു കയറി സ്‌പെയിൻ