പരമ്പര സമനിലയിലാക്കി ന്യൂസിലാൻഡിനു വിജയം

ഇന്ത്യക്കെതിരെയുള്ള രണ്ടാമത്തെ ടി20യിൽ ന്യൂസിലാൻഡിന് ഉജ്ജ്വല ജയം. 40  റൺസിനാണ്  ന്യൂസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ചത്.  ന്യൂസിലാൻഡിന്റെ 196 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. 42 പന്തിൽ നിന്ന് 65 റൺസ് എടുത്ത കോഹ്‌ലിക്ക് മാത്രമേ  ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചുള്ളു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങിന് ധോണി ശ്രമിച്ചെങ്കിലും  ഇന്ത്യയുടെ തോൽവി ഒഴിവാക്കാനായില്ല.

ന്യൂസിലാൻഡിന്റെ 196 റൺസ് മറികടക്കാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ  ഓപ്പണർമാർ നഷ്ടമായി. 1 റൺസ് എടുത്ത ശിഖർ ധവാനും 5 റൺസ് എടുത്ത രോഹിത് ശർമയും പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ  ബോർഡിൽ 11 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.  തുടർന്ന് വന്ന കോഹ്‌ലിയും ശ്രേയസ് അയ്യരും ഇന്ത്യൻ സ്കോർ 65 കടത്തിയെങ്കിലും രണ്ട് റൺസിനിടെ അയ്യരും പാണ്ട്യയും ഔട്ട് ആയതോടെ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി. തുടർന്ന് വന്ന ധോണിയെ കൂട്ടുപിടിച്ചു റൺസ് ഉയർത്താൻ ശ്രമിച്ച കോഹ്‌ലി കൂടി ഔട്ട് ആയതോടെ ഇന്ത്യൻ തിരിച്ചുവരവ് ഏകദേശം അവസാനിച്ചിരുന്നു. അവസാന ഓവറുകളിൽ ധോണിയുടെ ബാറ്റിൽ നിന്ന് റൺസ് വന്നെങ്കിലും മത്സരത്തിലേക്ക് ഇന്ത്യയുടെ തിരിച്ചുവരവിനുള്ള സമയം കഴിഞ്ഞിരുന്നു. അവസാന ഓവറിൽ ധോണി പുറത്താവുമ്പോൾ 37 പന്തിൽ 49 റൺസ് എടുത്തിരുന്നു. ന്യൂസിലാൻഡിന് വേണ്ടി 4 ഓവറിൽ 34 റൺസ് വഴങ്ങി ബോൾട്ട് നാല് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ്  രണ്ട് വിക്കറ്റ്  നഷ്ടത്തിൽ  196 റൺസ് എടുത്തിരുന്നു. 54 പന്തിൽ സെഞ്ചുറി നേടിയ മൻറോയും 41 പന്തിൽ 45 റൺസ് നേടിയ ഗുപ്റ്റിലും സ്കോർ 196 ലെത്തിക്കുന്നതിന് സഹായിച്ചു. ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 105 റൺസിന്റെ മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി ന്യൂസിലൻഡിന് മികച്ച അടിത്തറ നൽകി. 109 റൺസ് എടുത്ത് മൻറോ പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി  ഭുവനേശ്വർ കുമാറും ബുംറയും മികച്ച രീതിയിൽ ബൗൾ ചെയ്‌തെങ്കിലും ബാക്കി ആർക്കും ന്യൂസിലാൻഡ് ബാറ്റിങ് നിരക്ക് വെല്ലുവിളി സൃഷ്ടിക്കാനായില്ല. ഫീൽഡിങ്ങിൽ ഇന്ത്യ ഒരുപാടു അവസരങ്ങൾ നഷ്ട്ടപെടുത്തുകയും ചെയ്തതോടെ ന്യൂസിലൻഡിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

ജയത്തോടെ പരമ്പര സമനിലയിലാക്കിയതോടെ തിരുവന്തപുരത്ത് നടക്കുന്ന അവസാന ടി20 വളരെ നിർണ്ണായകമായി. അടുത്ത ചൊവ്വാഴ്ചയാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article7 തുടർവിജയങ്ങൾ, വലൻസിയ ബാഴ്സക്ക് ഒരു പോയന്റ് മാത്രം പിറകിൽ
Next articleബാഴ്‌സയ്ക്ക് വേണ്ടി മെസി 600മത്തെ മത്സരത്തിനിറങ്ങുന്നു