ഏഴാം സ്ഥാനം നെതര്‍ലാണ്ട്സിനു, നേപ്പാളിനെ 45 റണ്‍സിനു പരാജയപ്പെടുത്തി

50 ഓവറില്‍ 189 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും നേപ്പാളിനെതിരെ മികച്ച ജയം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഏഴാം സ്ഥാനം നെതര്‍ലാണ്ട്സ് സ്വന്തമാക്കി. നേപ്പാളിനെ 144 റണ്‍സിനു ഓള്‍ഔട്ടാക്കി നെതര്‍ലാണ്ട്സ് 45 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. 10 ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ റോലോഫ് വാന്‍ ഡെര്‍ മെര്‍വ് ആണ് കളിയിലെ താരം. 36 റണ്‍സ് നേടിയ സോംപാല്‍ കാമി മാത്രമാണ് നേപ്പാളിനായി പൊരുതി നോക്കിയത്. ദീപേന്ദ്ര സിംഗ് ആരേ 25 റണ്‍സ് നേടിയപ്പോള്‍ പരസ് ഖഡ്ക 22 റണ്‍സ് നേടി പുറത്തായി. ഫ്രെഡ് ക്ലാസ്സെന്‍, പീറ്റര്‍ സീലര്‍ എന്നിവര്‍ നെതര്‍ലാണ്ട്സിനായി രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ നേപ്പാള്‍ 50 ഓവറില്‍ 189/9 എന്ന നിലയില്‍ നേപ്പാള്‍ തളച്ചിട്ടു. 39 റണ്‍സ് നേടിയ ബാസ് ഡി ലീഡ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. മാക്സ് ഒഡൗദ് 28 റണ്‍സും വാന്‍ ഡെര്‍ മെര്‍വ്, സ്കോട് എഡ്വേര്‍ഡ്സ് എന്നിവര്‍ 25 റണ്‍സ് വീതം നേടി. നേപ്പാളിനായി സോംപാല്‍ കാമി നാലും സന്ദീപ് ലാമിച്ചാനെ, ലലിത് രാജ്ബന്‍ഷി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial