അണ്ടര്‍ 19 ഏഷ്യ കപ്പ്, ഇന്ത്യയ്ക്ക് നേപ്പാളിനോട് തോല്‍വി

- Advertisement -

ഏഷ്യ കപ്പില്‍ തോല്‍വി പിണഞ്ഞ് ഇന്ത്യന്‍ U-19 സംഘം. നേപ്പാളിനോടാണ് ഇന്ന് കോലാലംപൂറില്‍ ഇന്ത്യ 19 റണ്‍സിനു തോല്‍വി വഴങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹിമാന്‍ഷൂ റാണ ബൗളിംഗ് തിരഞ്ഞെടുത്തു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ നേപ്പാളിനെ 50 ഓവറില്‍ 185/8 എന്ന സ്കോറിലേക്ക് പിടിച്ചുകെട്ടി. എന്നാല്‍ അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ 48.1 ഓവറില്‍ 166 റണ്‍സിനു ഓള്‍ഔട്ട് ആയി.

നേപ്പാള്‍ നായകന്‍ ദീപേന്ദ്ര സിംഗിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മറ്റു ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ദീപേന്ദ്ര 88 റണ്‍സുമായി പൊരുതി. പത്താം ഓവറില്‍ ക്രീസിലെത്തിയ ദീപേന്ദ്ര 49ാം ഓവറിലാണ് പുറത്താകുന്നത്. 36 റണ്‍സ് നേടിയ ജിതേന്ദ്ര സിംഗ് താക്കൂരിയാണ് മറ്റൊരു പ്രധാന സ്കോറര്‍.

ബൗളിംഗിലും ദീപേന്ദ്ര സിംഗ് നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ചേസിംഗിനു തടയിടുകയായിരുന്നു. 91/1 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 166 റണ്‍സിനു ഓള്‍ഔട്ട് ആയത്. ഹിമാന്‍ഷൂ റാണ 46 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയി. 35 റണ്‍സുമായി മന്‍ജോത് കല്‍റയും ഇന്ത്യയ്ക്കായി തിളങ്ങി. പവന്‍ സറഫ്, ഷഹാബ് ആലം എന്നിവര്‍ നേപ്പാളിനായി 2 വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement